ആദിവാസികൾ 1996-97 കാലഘട്ടത്തിൽ കൃഷി ചെയ്ത ഭൂമിയാണ് കൈയേറിയതെന്ന് ടി.ആർ ചന്ദ്രൻ

കോഴിക്കോട് : കോട്ടത്തറ വില്ലേജിൽ ആദിവാസികൾ 1996-97 കാലഘട്ടത്തിൽ കൃഷി ചെയ്ത ഭൂമിയാണ് കൈയേറിയതെന്ന് ആദിവാസി മഹാസഭ നേതാവ് ടി.ആർ ചന്ദ്രൻ. കെ.കെ രമ എം.എൽ.എ സന്ദർശിച്ച കുന്നിന്റെ താഴ്വാരങ്ങളിൽ സമതലമായി കിടക്കുന്ന പ്രദേശങ്ങളിൽ ആദിവാസികൾ നെൽകൃഷി ചെയ്തിരുന്നു. അക്കാലത്ത്  താൻ ഈപ്രദേശത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ ജോലി ചെയ്തിരുന്നുവെന്നും ടി.ആർ ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.

ജോലിയുടെ ഭാഗമായി ഈ പ്രദേശങ്ങളിലൂടെ നിരന്തരം യാത്ര ചെയ്തിരുന്നു. അന്ന് ആന ശല്യം ഉണ്ടായിരുന്നില്ല. കൃഷിക്കാവശ്യമായ ജലം ശേഖരിക്കുന്നതിന്  തോടുണ്ട്. ഇപ്പോഴും തോട് ഒഴുകുന്നുണ്ട്. അത് കൊടങ്കരപള്ളത്തിൽ ചെന്ന് ചേരുന്ന തോടാണ്. കൃഷി ഇല്ലാതായിതോടെ സ്വാഭാവികമായി മരങ്ങൾ വളർന്നു തരിശ് ഭൂമിയായി. ഈപ്രദേശത്ത് ധാരാളമായി മുളങ്കാടുകൾ ഉണ്ടായിരുന്നു. 

ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മുളങ്കടുകൾ പിഴുതെറിഞ്ഞ് തീയിടുകയാണ്. തീയുടെ പുക വളരെ ദൂരെ നിന്നു പോലും കാണാം. നിലവിൽ ആനിയിറങ്ങുന്ന സ്ഥലമായതിനാൽ ഉള്ളിലേക്ക് കടക്കുക പ്രയാസമാണ്. പണ്ടേ ഇതുവഴി കൂപ്പ് റോഡ് ഉണ്ടായിരുന്നു. പിന്നീട് അഹാഡ്സിന്റെ പ്രവർത്തനകാലത്ത് റോഡ് കുറെക്കൂടി തെളിച്ചു. ഇപ്പോൾ ജീപ്പ് പോകുന്ന രൂപത്തിൽ റോഡുണ്ട്.

വനംവകുപ്പിന്റെ ഫെൻസിങ് പദ്ധതി നടപ്പാക്കുന്നതിന് മണ്ണുമാന്തി യന്ത്രം റോഡ് വഴി അകത്തേക്ക് പോകുന്നുണ്ട്. ഇവിടെ നടത്തുന്ന ഫെൻസിങ്ങ് അശാസ്ത്രീയമാണെന്നാണ് ആദിവാസികളുടെ അഭിപ്രായം. കാട്ടാനകൾക്ക് വെള്ളം കുടിക്കാൻ മലമുകളിൽ നിന്ന് താഴ്വരയിലേക്ക് വരണം. കാരണം കുന്നിൽ മുകളിൽ കുടിവെള്ളമുണ്ടാവില്ല.  മലയടിവാരങ്ങളിലാണ് വെള്ളമുള്ളതെന്ന് ആനകൾക്ക് അറിയാം. വനംവകുപ്പ് ഫെൻസിങ് ഇട്ടാലും അത് തകർത്ത് ആനകൾ മലയടിവാരത്തിൽ എത്തും.

ആദിവാസികൾ കൂട്ടമായി കൃഷി ചെയ്തിരുന്ന കാലത്ത് ആന വരില്ലായിരുന്നു. 1999 ലാണ് ഇവിടെയുള്ള സർക്കാർ ഭൂമിക്ക് പട്ടയം നൽകിയത്. ഇപ്പോൾ ഏതാണ്ട് 24 വർഷം കഴിഞ്ഞു. പട്ടയം നൽകിയശേഷം സർക്കാറിന്‍റെ പുനരധിവാസ പദ്ധതിയൊന്നും നടപ്പാക്കിയില്ല. അന്ന് മുപ്പതോ നാല്പതോ വയസുള്ള ആദിവാസികൾക്കാണ് പട്ടയം കിട്ടിയത്. ഇപ്പോൾ തലമുറ മാറി കുടുംബങ്ങൾ പലതായി കഴിഞ്ഞു. പട്ടയം കിട്ടിയ പലരും മരിച്ചിട്ടുണ്ടാകും. അല്പം പണം കിട്ടുമെങ്കിൽ പട്ടയം കൊടുക്കാമെന്നാണ് ആദിവാസികൾ ചിന്തിക്കുന്നത്. അട്ടപ്പാടിയിൽ  ജീവിക്കാൻ വേറെ മാർഗമില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പട്ടയം മറിച്ച് വിൽക്കുന്നത്. 

എത്ര വിദ്യാഭ്യാസം നേടിയാലും അട്ടപ്പാടിയിലെ ആദിവാസികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അംഗീകരിക്കില്ല. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്നത് ആദിവാസികളല്ലാത്ത അട്ടപ്പാടിയിലെ രാഷ്ട്രീയ നേതാക്കളാണ്. ആദിവാസികൾക്ക് ഈ യോഗങ്ങളിൽ ശക്തമായി ഇടപെടാൻ കഴിയുന്നില്ല. ആദിവാസികൾക്ക് മേൽ വന്നവാസികൾ മേൽക്കോയ്മ സ്ഥാപിച്ചിരിക്കുന്നു. ഒരിടത്തും ആദിവാസികളുടെ ശബ്ദം ഉയരരുത് എന്നാണ് വന്നവാസികൾ ആഗ്രഹിക്കുന്നത്.

അട്ടപ്പാടിയിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണം വേണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്. സർക്കാർ സംവിധാനം നിയന്ത്രണം ഏർപ്പെടുത്താൻ തയാറായില്ലെങ്കിൽ സമീപഭാവിയിൽ ആദിവാസികൾ ഇല്ലാത്ത അട്ടപ്പാടി രൂപംകൊള്ളും. ആദിവാസികളുടെ ഭൂമിക്ക് നിയമവിരുദ്ധമായി വ്യാപകമായി ആധാരം ചമക്കുകയാണ്. അതിനായി ആധാരം എഴുത്തുകാരുടെ സംഘം തന്നെ പ്രവർത്തിക്കുന്നു. ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാലും സർക്കാർ നടപടി സ്വീകരിക്കില്ലെന്ന് അവർക്ക് ഉറപ്പുണ്ട്. രാഷ്ട്രീയ സ്വാധീനത്താൽ എല്ലാം അട്ടിമറിക്കാൻ കഴിയും. കെ.കെ രമ എം.എൽ.എ ഇക്കാര്യത്തിൽ ഇടപെടൽ നടത്തുമെന്ന വിശ്വാസത്തിലാണ് ആദിവാസികളെന്നും ടി.ആർ ചന്ദ്രൻ പറഞ്ഞു.

Tags:    
News Summary - TR Chandran said that the adivasis have encroached on the cultivated land during 1996-97

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.