തിരുവനന്തപുരം: നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നിലമ്പൂർ സീറ്റിൽ പാർട്ടി സ്ഥാനാർഥിയോ സ്വതന്ത്രനോ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്ത് കഴിഞ്ഞാൽ എൽ.ഡി.എഫുമായി കൂടിയാലോചിച്ച് പ്രഖ്യാപനം നടത്തും. വിവിധ ഘടകങ്ങൾ പഠിച്ചാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. സ്ഥാനാർഥി എന്നത് സി.പി.എമ്മിനോ എൽ.ഡി.എഫിനോ ഒരു വിഷയമല്ല. മുമ്പും സ്വതന്ത്രരെ സ്ഥാനാർഥികളാക്കി വിജയിപ്പിച്ച ചരിത്രമുണ്ട്.
പി.വി. അൻവറിൽ നിന്ന് ഒരു പാഠവും സി.പി.എം പഠിക്കാനില്ല. അൻവർ എന്നത് സി.പി.എമ്മിനും എൽ.ഡി.എഫിലും അടഞ്ഞ അധ്യായമാണ്. അൻവറിനെ സംബന്ധിച്ച ഒരു വിഷയവും എൽ.ഡി.എഫിൽ നിലനിൽക്കുന്നില്ല. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫിന് അൻവർ ഒരു പ്രശ്നവുമല്ല.
എൽ.ഡി.എഫിന് കരുത്ത് നൽകുന്നത് രണ്ടു തവണയായി അധികാരത്തിലുള്ള പിണറായി സർക്കാറിന്‍റെ ജനക്ഷേമ നടപടികളും ഭരണനേട്ടങ്ങളുമാണ്. വൻ വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്. കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക ഉപരോധം ഇല്ലായിരുന്നെങ്കിൽ സാമ്പത്തിക വളർച്ച വീണ്ടും ഉയർന്നേനെ. നിലമ്പൂരിൽ എൽ.ഡി.എഫിന് അനുകൂലമായ വിജയം ഉണ്ടാകുമെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.