സാം മോനി സാമൂവൽ 

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി നിരന്തരം പീഡനം; വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോന്നി: വാടകക്ക് വീട് നൽകാമെന്ന് വിശ്വസിപ്പിച്ച് ആളില്ലാത്ത വീട്ടിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. കോന്നി മാർക്കറ്റ് ജങ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) ആണ് പിടിയിലായത്.

ആലപ്പുഴ സ്വദേശിനിയെയാണ് ഇയാൾ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2022 നവംബറിലാണ് സംഭവം. കോന്നിയിൽ ജോലിക്കെത്തിയ യുവതിയെ ടൗണിൽ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ആരുമില്ലെന്നും അവിടെ വാടകക്ക് താമസിക്കാമെന്നും അറിയിച്ച യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും 2024 ലും ഈ വീട്ടിൽ വച്ച് പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും, അവ യുവതിക്ക് വാട്സാപ്പ് വഴി അയക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഇവർ കോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  പ്രതിയെ കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് കടക്കാൻ വേഗം ടിക്കറ്റ് ബുക്ക്‌ ചെയ്ത് കോന്നിവിട്ട ഇയാളെ യാത്രാമധ്യേ കൊട്ടാരക്കരവച്ച് പിടികൂടുകയായിരുന്നു.

പ്രതി പ്രത്യേക പ്രകൃതക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ നിരന്തരശല്യം കാരണം ഫോൺ നമ്പരുകളും സാമൂഹ മാധ്യമ പ്ലാറ്റ്ഫോം അക്കൗണ്ട് ബന്ധങ്ങളും ഉപേക്ഷിച്ച യുവതിക്ക് പിന്നീട് ഇയാൾ കത്തുകൾ അയക്കാൻ തുടങ്ങി. കാണണമെന്നും മറ്റുമായിരുന്നു ആവശ്യം.

നഗ്നദൃശ്യങ്ങളും മറ്റും കൈവശമുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. പുതിയ ജോലിസ്ഥലത്തും താമസിക്കുന്നിടത്തും പിന്തുടർന്ന് ശല്യം ചെയ്യുന്നത് തുടർന്നപ്പോൾ സഹികെട്ട് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Torture by promising to rent a house: Konni police nab accused who tried to escape abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.