കാക്കനാട്: ടോൾ നൽകാതിരിക്കാൻ ടോൾ പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചു പാഞ്ഞ ജീപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ശിപാർശ. ഇന്നലെ പുലർച്ചെ ആറിന് കുമ്പളം ടോൾ പ്ലാസയിലാണ് സംഭവം നടന്നത്.
വൈറ്റിലയിൽനിന്ന് ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് ടോൾ പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചത്. ടോൾ പ്ലാസയുടെ ഇടതുഭാഗത്ത് ബാരിക്കേഡ് വെച്ചു തടഞ്ഞിരുന്ന റോഡിലൂടെയാണ് അമിത വേഗത്തിലെത്തിയ വാഹനം പാഞ്ഞത്. വടം ഉപയോഗിച്ച് ചേർത്തു കെട്ടിയിരുന്ന രണ്ട് ബാരിക്കേഡുകളെ മീറ്ററുകളോളം ഇടിച്ചു നീക്കിയ ശേഷമാണ് വാഹനം ഇതുവഴി കടന്നുപോയത്.
ബാരിക്കേഡ് വാഹനം ഇടിച്ച് തകർത്ത സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇതിനെ തുടർന്ന് ഉടമയെ ഉദ്യോഗസ്ഥർ ബന്ധപ്പെടുകയായിരുന്നു. താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവറാണ് വാഹനം ഓടിച്ചതെന്നുമാണ് ഉടമയുടെ വിശദീകരണം.
അപകടകരവും മനുഷ്യ ജീവന് ഭീഷണിയാകും വിധം വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ നടപടി. ഈ വാഹനം ഇതിനു മുമ്പും ടോൾ നൽകാതെ അമിത വേഗത്തിൽ കടന്നുപോയിട്ടുണ്ടെന്ന് ടോൾ പ്ലാസ അധികൃതർ മോട്ടോർ വാഹന വകുപ്പിന് നൽകിയ പരാതിയിൽ പറയുന്നു.
കേസ് പൊലീസിന് കൈമാറുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ജീപ്പ് ഉടമയോടും ഡ്രൈവറോടും ആർ.ടി.ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിക്ക് പുറമേ നല്ല നടപ്പിനുള്ള ക്ലാസിന് അയക്കാനും നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.