ചെറുവയൽ രാമന്റെ സംസ്കാരച്ചടങ്ങിൽ സംസ്ഥാന സർക്കാറിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകുന്നു
മണ്ണിൽ നിന്ന് മണ്ണിലേക്ക് മടക്കം; ചെറുവയല് രാമന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കമ്മന (വയനാട്): കമ്മനയിലെ 150 വർഷം പഴക്കമുള്ള മൺവീടിന്റെ തണലിൽ, താൻ കാത്തുവെച്ച വിത്തുപോലെ പത്മശ്രീ ജേതാവ് ചെറുവയല് രാമൻ മണ്ണിലേക്ക് മടങ്ങി. മലയാളികളുടെ നെല്ലച്ഛനായ ചെറുവയല് രാമനെ ഔദ്യോഗിക ബഹുമാതികളോടെ അന്ത്യാഞ്ജലി നൽകി യാത്രയാക്കാനും സാക്ഷിയാകാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
പരമ്പരാഗത നെല്വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുവയല് രാമേട്ടന് ഇനി ഓര്മകളില് നാമ്പിടും. മണ്ണുകൊണ്ട് മെഴുകി നെല്കറ്റയാല് മേഞ്ഞ പുല്ലുപുരയിലേക്ക് കൈകളില് പൂച്ചെണ്ടുമായി മണിക്കൂറുകളാണ് രാമേട്ടന് അന്ത്യാഞ്ജലി നേരാനെത്തിയവർ കാത്തുനിന്നത്.
ശാരീരിക അസ്വസ്ഥതയെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്ന ചെറുവയല് രാമന് ബുധനാഴ്ച വൈകീട്ട് 3.30 ഓടെയാണ് അന്തരിച്ചത്. മെഡിക്കൽ കോളജിൽനിന്ന് ഭൗതികശരീരം ബുധാനാഴ്ച രാത്രി കമ്മനയിലെത്തിയപ്പോൾ തന്നെ രാമേട്ടനെ ഒരു നോക്ക് കാണാൻ മൺമുറ്റം നിറഞ്ഞു കവിഞ്ഞിരുന്നു.
വ്യാഴാഴ്ച രാവിലെ 8.30ഓടെ കമ്മന നവോദയം എല്.പി സ്കൂളില് ആരംഭിച്ച പൊതുദര്ശനം ആയിരങ്ങളുടെ ആദരാഞ്ജലികള് ഏറ്റുവാങ്ങി ഉച്ചക്ക് 12.30 വരെ നീണ്ടു. ഭൗതിക ശരീരത്തില് ഗവര്ണര്, മുഖ്യമന്ത്രി, സംസ്ഥാന സര്ക്കാര് എന്നിവര്ക്കുവേണ്ടി ജില്ല കലക്ടര് വി. ചെല്സാസിനി പുഷ്പചക്രം അര്പ്പിച്ചു.
കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ്, റവന്യൂ മന്ത്രിക്കു വേണ്ടി സബ് കലക്ടര് അതുല് സാഗര് എന്നിവരും പുഷ്പചക്രം അര്പ്പിച്ചു. ഉഷാ വിജയന് എം.എല്.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, മുന് മന്ത്രിമാരായ ഒ.ആര്. കേളു, എം.വി. ഗോവിന്ദന് മാസ്റ്റര്, എ.കെ. ശശീന്ദ്രന്, പി.കെ. ജയലക്ഷ്മി, മിസോറാം മുന് ഗവര്ണര് കുമ്മനം രാജശേഖരൻ എന്നിവരും ആദരാഞ്ജലി അർപ്പിക്കാനെത്തി.
പൊതുദര്ശനത്തിന് ശേഷം കമ്മന കൊടുമയില് കുടുംബ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. പരമ്പരാഗത അറിവുകളാല് മണ്ണില് പൊന്ന് വിളയിച്ചാണ് ചെറുവയല് രാമൻ വിടവാങ്ങിയത്. പരമ്പരാഗത കൃഷി രീതികള് കൈമുതലാക്കിയ കേവലം ഒരു കര്ഷകന് എന്നതിലുപരി, വരുംതലമുറയ്ക്കായി പ്രകൃതിയുടെ അക്ഷയഖനി കാത്തുസൂക്ഷിച്ച അസാധാരണക്കാരനായ മനുഷ്യനെയാണ് രാജ്യത്തിനും കാര്ഷിക മേഖലയ്ക്കും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.