കിഫ്ബിയുടെ കടം വീട്ടാൻ നികുതിപ്പണം
തിരുവനന്തപുരം: കിഫ്ബി കടം വീട്ടാനുപയോഗിച്ച തുകയിൽ 99.4 ശതമാനവും സർക്കാർ നികുതിയും പെട്രോളിയം സെസ്സുമായി നൽകിയ തുകയിൽ നിന്നാണെന്ന് വിദഗ്ധ സമിതി. കഴിഞ്ഞ നാല് വർഷങ്ങളിൽ കിഫ്ബി പലിശയും മുതലുമായി തിരിച്ചടച്ചത് 11,944.18 കോടിയാണ്. ഇതിൽ 11,869.28 കോടിയും സർക്കാർ നൽകിയതാണ്. ഫലത്തിൽ സർക്കാർ നൽകിയ നികുതിപ്പണം പൂർണമായും പഴയ വായ്പകളും പലിശയും അടക്കാനാണ് ഉപയോഗിച്ചത്. പദ്ധതികളിൽനിന്ന് ലഭിക്കുന്ന വരുമാനം വഴി കിഫ്ബി കടം വീട്ടുമെന്നും സർക്കാർ വിഹിതം അനുബന്ധ ബാധ്യതകൾക്കായി മാത്രമേ ഉപയോഗിക്കൂ എന്നും കിഫ്ബി നിയമം വ്യവസ്ഥ ചെയ്യുമ്പോഴാണിത്. പുതിയ പദ്ധതികൾ നടത്താൻ കിഫ്ബിക്ക് വീണ്ടും പുതിയ വിപണി വായ്പകൾ എടുക്കേണ്ടിയും വന്നു.
2021-22 മുതൽ 2023-24 വരെ മൂന്നു വർഷം വരുമാനദായകമെന്ന് പറഞ്ഞ പദ്ധതികളിൽനിന്ന് കിഫ്ബിക്ക് തിരിച്ചടവായി ലഭിച്ചത് വെറും 745.39 കോടി മാത്രമാണ്. ഇതേ കാലയളവിൽ കിഫ്ബി നൽകിയ പലിശ മാത്രം 3,633.86 കോടി വരും. അതായത്, പദ്ധതികളിൽ നിന്നുള്ള വരുമാനം പലിശച്ചെലവിന്റെ 20.5 ശതമാനം മാത്രമായിരുന്നു.
ലക്ഷ്യം പരാജയപ്പെട്ടു -വിദഗ്ധ സമിതി
തിരുവനന്തപുരം: വികസന പദ്ധതികൾക്ക് ബജറ്റിന് പുറത്തുനിന്ന് അധിക വിഭവം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി ആരംഭിച്ചത്. എന്നാൽ, കിഫ്ബി എടുത്ത ഓരോ രൂപയുടെ വായ്പയും സംസ്ഥാന സർക്കാറിന് വിപണിയിൽനിന്ന് നേരിട്ട് എടുക്കാമായിരുന്ന വായ്പാ പരിധിയിൽനിന്ന് അത്രയും തുക കുറച്ചു. അതായത്, ബജറ്റിന് പുറത്തുനിന്ന് ഒരു അധിക വിഭവവും ലഭിച്ചില്ല. ഇത് കിഫ്ബിയുടെ ലക്ഷ്യംതന്നെ പരാജയപ്പെട്ടതിന് തെളിവാണെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. ഈ കാരണങ്ങളാലാണ് പ്രത്യേക വായ്പാ ഏജൻസിയായി കിഫ്ബി തുടരുന്നതിൽ ഇനി സാമ്പത്തിക യുക്തിയില്ലെന്നും വിപണിയിൽനിന്ന് വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അധികാരം എടുത്തുകളയണമെന്നും സമിതി ശിപാർശ ചെയ്തത്.
കിഫ്ബി വായ്പയുടെ പേരിൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിലുണ്ടായ വെട്ടിക്കുറക്കൽ വർഷം തുക
(കോടിയിൽ)
2022-23 1,940.70
2023-24 5,835.16
2024-25 2,911.05
2025-26 7,155.72
2026-27 8,089.92
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.