അഭിമന്യു വധക്കേസ് പ്രതികൾ എറണാകുളം ജില്ല കോടതിയിൽ ഹാജരായി മടങ്ങുന്നു
അഭിമന്യു വധം;13 പ്രതികളെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു; പ്രതികളെല്ലാം ഒരേ വേഷത്തിലാണ് കോടതിയിൽ ഹാജരായത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ വ്യാഴാഴ്ച ആരംഭിച്ചു. ആക്രമണം നടന്നപ്പോൾ അഭിമന്യുവിനൊപ്പമുണ്ടായിരുന്ന ഒന്നാം സാക്ഷി സുബീഷിനെയാണ് എറണാകുളം സെഷൻസ് കോടതിയിലെ വിചാരണയുടെ ആദ്യ ദിവസം പ്രോസിക്യൂഷൻ വിസ്തരിച്ചത്.
പ്രതികളായ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എല്ലാവരും ഒരേ വേഷത്തിലാണ് ആദ്യ ദിവസം കോടതിയിൽ ഹാജരായത്. മുടി പറ്റേ വെട്ടി, താടി വടിച്ച് കറുത്ത മുഖംമൂടിയും തൊപ്പിയും വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ചാണ് ആദ്യഘട്ടത്തിൽ വിചാരണ നേരിടുന്ന 16 പ്രതികളും എത്തിയത്. ഇത് സാക്ഷികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്ന് വരുംദിവസങ്ങളിൽ ഇത് ആവർത്തിക്കരുതെന്നും കർശന നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ പ്രതികൾക്ക് താക്കീത് നൽകി. കോടതിയിൽ ഹാജരാകുമ്പോൾ മാധ്യമങ്ങൾ ദൃശ്യമെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിന്റെ ഭാഗമായാണ് എല്ലാവരും ഒരേ വേഷത്തിലെത്തിയത്.
കുറ്റകൃത്യം സംബന്ധിച്ച് പൊലീസിന് പ്രഥമ വിവരം നൽകിയ സാക്ഷിയാണ് സുബീഷ്. കോടതി നിർദേശിച്ചതിനെ തുടർന്ന് പ്രതികൾ മുഖംമൂടി മാറ്റിയതിനാൽ എസ്.എഫ്.ഐ പ്രവർത്തകരെ ഇടിക്കട്ട കൊണ്ട് ആക്രമിച്ച റിയാസ് ഹുസൈൻ, കത്തി വീശിയ സനീഷ് എന്നിവരടക്കം 13 പേരെ സാക്ഷി തിരിച്ചറിഞ്ഞു.
മൂന്നു പേരെ തിരിച്ചറിയാനാകുന്നില്ലെന്നും സുബീഷ് അറിയിച്ചു. സുബീഷടക്കം എല്ലാ ദൃക്സാക്ഷികളെയും ഒരുമിച്ച് ക്രോസ് വിസ്താരം ചെയ്യണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചെങ്കിലും അഭിമന്യുവിന്റെ കുടുംബം എതിർത്തു. സാക്ഷിവിസ്താരം വെള്ളിയാഴ്ച തുടരും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, പ്രതിഭാഗത്തിനായി അഡ്വ. ബി. രാമൻപിള്ള, അഭിമന്യുവിന്റെ കുടുംബത്തിനുവേണ്ടി അഡ്വ. കെ.എസ്. അരുൺകുമാർ തുടങ്ങിയവരാണ് ഹാജരാകുന്നത്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2018 ജൂലൈ രണ്ടിന് അഭിമന്യു കോളജ് കവാടത്തിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചെന്നാണ് കേസ്. 156 പ്രോസിക്യൂഷൻ സാക്ഷികളാണുള്ളത്. ആദ്യഘട്ടം വിചാരണ നേരിടുന്നത് കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. ഇവരെ സഹായിച്ചതിന് പ്രതിചേർത്ത 10 പേരുടെ വിചാരണ പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.