നെടുമ്പാശ്ശേരി വാഹനാപകടം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ഷാനിമോൾ ഉസ്മാൻ പൊലീസ് മേധാവിക്ക് പരാതി നൽകി
തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ലക്ഷങ്ങൾ വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾക്കെതിരെ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച ഡി.വൈ.എഫ്.ഐ നേതാവെന്ന് അവകാശപ്പെടുന്ന ജെയിംസ് ശാമുവൽ, റിപ്പോർട്ടർ ചാനൽ, ചാനൽ റിപ്പോർട്ടർ മനീഷ് മഹിപാൽ എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്
ആലപ്പുഴയിൽ വാർത്തസമ്മേളനം നടത്തിയ ജെയിംസ് ശാമുവൽ, നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരു വനിതാ ജനപ്രതിനിധി ഇടപെട്ടുവെന്നും, പൂർണ പിന്തുണയും സംരക്ഷണവും നൽകി ലക്ഷങ്ങൾ വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുന്നയിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടറായ മനീഷ് മഹിപാൽ നൽകിയ വാർത്തയിൽ, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏക വനിതാ ജനപ്രതിനിധി ഷാനിമോൾ ഉസ്മാൻ ആണെന്ന് സ്ഥിരീകരിച്ച് വാർത്ത നൽകിയതായി പരാതിയിൽ വ്യക്തമാക്കുന്നു
നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതിക്കോ പ്രതികൾക്കോ വേണ്ടി താൻ യാതൊരു തരത്തിലും ഇടപെടുകയോ, ആരെയെങ്കിലും ഫോണിൽ വിളിക്കുകയോ, സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ട കുട്ടികളുടെ വീട്ടുകാരോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും, അവർക്ക് ആവശ്യമായ നിയമപരമായ തുടർനടപടികളിൽ സഹായിക്കുകയുമാണ് താൻ ചെയ്തത്
രാഷ്ട്രീയ വിരോധം മൂലം തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും, ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ പൊതുജനമധ്യത്തിൽ ആക്ഷേപിക്കാനും, വോട്ടർമാർക്കിടയിലും ജനങ്ങൾക്കിടയിലും അപമതിപ്പും വൈരാഗ്യവും ഉണ്ടാക്കാനുമാണ് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.