കിഫ്ബി: ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി, തീരുമാനങ്ങൾ അട്ടിമറിച്ചു
തിരുവനന്തപുരം: ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് കിഫ്ബി വായ്പ ഗ്യാരണ്ടി സ്വന്തമാക്കിയത് ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി. കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറക്കാൻ ഇടയാക്കുമെന്ന കാരണത്താൽ 2023-24, 2024-25, 2025-26 വർഷങ്ങളിൽ പുതിയ വായ്പാ ഗ്യാരന്റികൾ നൽകാൻ ധനവകുപ്പ് വിസമ്മതിച്ചിരുന്നു.
2023 ജൂൺ ആറിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ധനമന്ത്രി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി, കിഫ്ബി സി.ഇ.ഒ എന്നിവർ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സിന്റെ മാത്രം അടിസ്ഥാനത്തിൽ ധനവകുപ്പ് തീരുമാനം അട്ടിമറിക്കുകയായിരുന്നു. തുടർന്ന് രണ്ടു വർഷത്തോളം ഒരു ഉത്തരവും ഇറങ്ങിയില്ല. ഒടുവിൽ 2025 മാർച്ച് 24ന് കിഫ്ബി ഫിനാൻസ് വിഭാഗംതന്നെ ഗ്യാരന്റി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ചട്ടവിരുദ്ധമാണ്. ചട്ടമനുസരിച്ച് ധനവകുപ്പും ധനമന്ത്രിയും വിയോജിച്ച ഒരു സാമ്പത്തിക വിഷയത്തിൽ ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ മന്ത്രിസഭക്ക് മാത്രമേ അധികാരമുള്ളൂ. എന്നാൽ, ഇതിനായി ഒരു മന്ത്രിസഭ തീരുമാനവും ഉണ്ടായിരുന്നില്ലെന്ന് സമിതി വ്യക്തമാക്കുന്നു.
കിഫ്ബി എടുത്ത വായ്പകളിൽ ആദ്യത്തെ മൂന്ന് ഗ്യാരന്റികൾ ( 18,246.73 കോടിയുടെ കടമെടുപ്പിന്) മാത്രമാണ് ധനവകുപ്പിന്റെ പൊതുമേഖല സ്ഥാപന വിഭാഗം അനുമതി നൽകിയത്. എന്നാൽ, ഈ മൂന്ന് വായ്പകളുടെ പോലും തിരിച്ചടവ് കാലാവധി, പലിശ നിരക്ക്, വായ്പാ വ്യവസ്ഥകൾ എന്നിവ നിശ്ചയിച്ചുള്ള ഗ്യാരന്റി ഡീഡുകൾ ധനവകുപ്പിന്റെ അംഗീകാരത്തിന് സമർപ്പിച്ചില്ല. തുടർ ഗ്യാരന്റികളിൽ ഫയൽ മറച്ചുവെച്ചു. മാത്രമല്ല, മറ്റെല്ലാ വായ്പാ ഗ്യാരന്റികളും ധനസെക്രട്ടറിയുടെയോ ധനമന്ത്രിയുടെയോ മന്ത്രിസഭയുടെയോ അംഗീകാരമില്ലാതെ ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ അംഗീകാരത്തിന്റെ മറവിൽ കിഫ്ബിയുടെ ഫിനാൻസ്-ഇൻഫ്രാസ്ട്രക്ചർ വിഭാഗം നേരിട്ടാണ് ഇറക്കിയത്.
നിർദേശിക്കുന്നതും അനുമതി നൽകുന്നതും ഒരാൾ
തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ തലവനായ ധനകാര്യ വിഭാഗംതന്നെ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്ന അസാധാരണ നടപടിയാണ് കിഫ്ബിയിൽ അരങ്ങേറിയത്. സംസ്ഥാനത്തിന്റെ ബജറ്റിനും വായ്പാ പരിധിക്കുംമേൽ വൻ ബാധ്യതകൾ വരുത്തിവെക്കുന്ന തീരുമാനങ്ങൾ ധനവകുപ്പിന്റെ സ്വതന്ത്ര പരിശോധനക്ക് വിധേയമാക്കാതെ ‘സ്വയം സാക്ഷ്യപ്പെടുത്തൽ’ വഴി നടപ്പാക്കുകയായിരുന്നു.
ഫയലുകൾ പോലും ധനവകുപ്പിനെ കാണിച്ചില്ല
തിരുവനന്തപുരം: കിഫ്ബി ധനവിഭാഗത്തിന്റെ ഫയലുകൾ പരിശോധിക്കാൻ പോലും ധനവകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയില്ല. കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികൾക്കുള്ള വിലക്കയറ്റ മാർഗരേഖകൾ പരിഷ്കരിച്ച ഉത്തരവാകട്ടെ, ഖജനാവിനെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക ബാധ്യതയുള്ളതായിട്ടും ധനവകുപ്പിന്റെ പരിശോധനയില്ലാതെയാണ് ഇറങ്ങിയത്. കിഫ്ബി സി.ഇ.ഒക്ക് സർക്കാറിലെ സെക്രട്ടറിയുടെ റാങ്കും പദവിയും മാത്രമാണ് നൽകിയിരുന്നത്. അല്ലാതെ, സർക്കാറിന്റെ എക്സിക്യൂട്ടിവ് ബിസിനസ് നിർവഹിക്കാനുള്ള അധികാരമില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.