കണ്ണൂർ: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് നിയുക്ത തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. ഭാര്യ രമണിക്കൊപ്പമെത്തിയ ഗോവിന്ദനെ വിനോദിനി ബാലകൃഷ്ണനും കുടുംബാംഗങ്ങളും സ്വീകരിച്ചു.
കോടിയേരിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ഗോവിന്ദനും ഭാര്യയും കോടിയേരിയുടെ മ്യൂസിയവും ഓർമ ചിത്രങ്ങളും സന്ദർശിച്ചു. ഡി.സി.സി ഓഫിസിൽ നടന്ന സ്വീകരണത്തിന് പിന്നാലെയാണ് സന്ദർശനം. കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബവുമായി ഗോവിന്ദനും കുടുംബത്തിനും അടുത്ത ബന്ധമാണുള്ളത്.
സി.പി.എം വിട്ടുപോയി യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഗോവിന്ദൻ ഇടതുകോട്ടയായ തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ വൻഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ടി.കെ ഗോവിന്ദനും ഭാര്യയും വിനോദിനിക്കൊപ്പം കോടിയേരിയുടെ മ്യൂസിയവും ചിത്രങ്ങളും സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ സി.പി.എം നേതൃത്വം കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന കോടിയേരിയുടെ വീട്ടിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഒരാൾ എത്തുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരുന്നെങ്കില്‍ ജി. സുധാകരനോ വി കുഞ്ഞികൃഷ്ണനോ ടി.കെ. ഗോവിന്ദന്‍ മാഷോ പാര്‍ട്ടിക്ക് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് രമണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോടിയേരിയുടെ അഭാവം പാര്‍ട്ടിയില്‍ പ്രകടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. പാർട്ടിയുമായി പൂർണമായി അകന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗോവിന്ദന്‍റെയും ഭാര്യയുടെയും സന്ദർശനം.
വോട്ടെണ്ണലിൽ പിണറായി വിജയൻ തുടക്കത്തിൽ പിന്നിലായത് ഞെട്ടിച്ചെന്നും ഒരിക്കലും പിണറായി വിജയൻ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാളല്ല താനെന്നും ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. പിണറായി തോൽക്കുക എന്ന് പറയുമ്പോൾ തിനിക്ക് ചങ്കിടിപ്പുണ്ടായി. പക്ഷേ, ആ നിലയിലേക്ക് എത്തി എന്നുള്ളത് പിണറായി മനസിലാക്കണം. പാർട്ടി ആകെ മനസിലാക്കണം. അത് തിരുത്താൻ ഇനിയെങ്കിലും അവർ തയാറാകണം. അല്ലെങ്കിൽ ഇവരുടെയൊന്നും കാലശേഷം പാർട്ടി ഉണ്ടാകില്ല. ബംഗാളിലെ അവസ്ഥയിലേക്ക് കേരളത്തിലെ പാർട്ടി നീങ്ങുമെന്നും ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.