കണ്ണൂർ: ഒരുപക്ഷേ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടിക്കാൻ കണ്ണൂർ പൊലീസ് ഇത്ര പണിപ്പെട്ടിട്ടുണ്ടാവില്ല. അതിലേറെ പണിപ്പെട്ടാണ് കുപ്രസിദ്ധ ഗുണ്ട അർജുൻ ആയങ്കിയെ പിടികൂടിയത്. അത്രമാത്രം ജാഗ്രതയോടെ സിറ്റി റൂറൽ പൊലീസ് ടീം ഒരൊറ്റ കണ്ണൂർ സ്ക്വാഡായി ഊണും ഉറക്കവുമില്ലാതെ ഇറങ്ങിത്തിരിച്ചപ്പോഴാണ് ആയങ്കി കുടുങ്ങിയത്. ശനിയാഴ്ച ഉച്ച മുതൽ തളിപ്പറമ്പിൽവെച്ച് പിന്തുടർന്നാണ് ഞായറാഴ്ച പുലർച്ച 2.45ഓടെ കണ്ണൂർ താളിക്കാവിലുള്ള അപ്പാർട്ട്മെന്റിൽനിന്ന് ആയങ്കിയെ പൊലീസ് പൊക്കിയത്.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമീഷണർ വിജയ് ഭരത് റെഡ്ഡി, റൂറൽ ജില്ല പൊലീസ് മേധാവി ഉമേഷ് ഗോയൽ, കണ്ണൂർ എ.സി.പി എം.പി. ആസാദ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജേക്കബ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം വഹിച്ചത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ്, തളിപ്പറമ്പ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ, വളപട്ടണം ഇൻസ്പെക്ടർ ജിതേഷ്, സ്ക്വാഡംഗമായ എസ്.ഐ വിനോദ് കുമാർ, പയ്യന്നൂർ എസ്.ഐ കെ. ഷറഫുദ്ദീൻ, ജില്ല പൊലീസ് മേധാവിയുടെ ഷാഡോ സ്ക്വാഡംഗങ്ങൾ തുടങ്ങി 60 ഓളം പൊലീസുകാരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
രണ്ട് ദിവസമായി ഭക്ഷണമില്ലാതെ ഉറക്കമൊഴിഞ്ഞാണ് പ്രതിയെ പൊക്കിയത്. പുലർച്ച ടൗൺ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് സൈബർ ഇൻസ്പെക്ടർ അനൂപ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്ക്വാഡിന്റെ പ്രവർത്തന മികവ് കേരള പൊലീസിന് പൊൻതൂവലായി മാറുകയും ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എ.ഡി.ജി.പി പി. വിജയനും കണ്ണൂർ റേഞ്ച് ഡി.ഐ.ജി കാർത്തികും ആയങ്കിയെ കുടുക്കിയ സംഘത്തെ അഭിനന്ദിച്ചു.
ശനിയാഴ്ച ഉച്ചക്ക് 12.30ന് തളിപ്പറമ്പിലെ ഹോട്ടൽ മുറിയിൽ അർജുൻ ആയങ്കിയുണ്ടെന്ന് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന് രഹസ്യ വിവരം. മേലുദ്യോഗസ്ഥരെ വിവരമറിയിക്കുമ്പോഴേക്കും സൈബർ പൊലീസിനും സൂചന ലഭിച്ചു. അപകടം മണത്ത ആയങ്കി മുറി ഒഴിഞ്ഞ് പുറത്തേക്ക്. തുടർന്ന് ഓട്ടോറിക്ഷയിൽ പയ്യന്നൂരിലേക്ക്. ദേശീയപാത ഒഴിവാക്കി യാത്ര. പിന്നാലെ പൊലീസ്. അതിനിടെ, ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി സുഹൃത്തിനെ വിളിച്ച് കാറുമായി എത്താൻ പറയുന്നു. കാർ പറഞ്ഞ സ്ഥലത്തെത്തിയതോടെ യാത്ര കാറിൽ കണ്ണൂരിലേക്ക്. അതിനിടെ ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് നിർണായകമായത്.
കാമറകളിൽനിന്ന് കാറിന്റെ ദൃശ്യം പൊലീസ് കണ്ടെത്തി. കണ്ണൂരിൽനിന്ന് കാർ ലഭിച്ചെങ്കിലും ആയങ്കിയെ കിട്ടിയില്ല. വൈകീട്ട് 3.45ഓടെ ആയങ്കി കണ്ണൂരിലെത്തിയതായാണ് വിവരം. സകല അടവും പയറ്റിയ ആയങ്കിയെ അതിലും സമർഥമായ അന്വേഷണത്തിൽ പൊലീസ് അഭിഭാഷക താമസിക്കുന്ന അപ്പാർട്ട്മെന്റിൽവച്ച് പൊക്കുകയായിരുന്നു. ആദ്യം അന്വേഷിച്ചപ്പോൾ ആയങ്കി ഇല്ലെന്ന് പറഞ്ഞ് മടക്കിയ അതേ സ്ഥലത്തുവെച്ച് തന്നെ പൊലീസ് സാഹസികമായി കീഴക്കിയതോടെ ദിവസങ്ങളായുള്ള ആശങ്കക്കും കോലാഹലങ്ങൾക്കും വിരാമമായി. തുടർന്ന് ആയങ്കിയെ ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.