ചെറുവയൽ രാമൻ കൃഷിയിടത്തിൽ
കൽപറ്റ: സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വയനാടിനു വൻ നേട്ടം. മൂന്ന് അവാർഡുകളാണ് വയനാടിനെ തേടിയെത്തിയത്. വയനാടിന്റെ അഹങ്കാരമായ പത്മശ്രീ ചെറുവയൽ രാമന് കാർഷിക മേഖലയിലെ മികച്ച സംഭാവനക്കുള്ള ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ജില്ലക്കു വൻ ആഹ്ലാദമായി. അഞ്ചു ലക്ഷം ആണ് അവാർഡ് തുക. ഫലകവും സാക്ഷ്യപത്രവും ലഭിക്കും. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായ നാട്ടുകാരുടെ രാമേട്ടന് പുരസ്‌കാരം ലഭിച്ചത് അർഹതക്കുള്ള അംഗീകാരമായി.
കെ. ഹാഷിഖ്, കെ.എസ് ശ്രീനോജ്
മികച്ച യുവ കർഷകനുള്ള അവാർഡ് പൊഴുതന കമ്പ്രാത്ത് വീട്ടിൽ കെ. ഹാഷിഖ് നേടി. ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. നേരത്തെ കാർഷിക മേഖലയിൽ നിരവധി അവാർഡുകൾ നേടിയ ഹാഷിഖ് ഹാർഡ്‌വെയർ എൻജിനീയർ ആയിരുന്നു. പിന്നീട് ആ മേഖല ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്. തന്നെ പിന്തുണക്കുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും കൂട്ടുകാർക്കും നാട്ടുകാർക്കും അവാർഡ് സമർപ്പിക്കുന്നതായി ഹാഷിഖ് പറഞ്ഞു. വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയാണ് ഈ യുവ കർഷകന്റെ വിജയരഹസ്യം.
മികച്ച കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്‌കാരം ലഭിച്ചത് തിരുനെല്ലി കാട്ടിക്കുളം എടയൂർ കുന്നുകാരോട് വീട്ടിൽ കെ.എസ്. ശ്രീനോജിനാണ്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രണ്ടുപേർ ഈ പുരസ്‌കാരം പങ്കിട്ടിട്ടുണ്ട്. എല്ലാ കാർഷിക യന്ത്രങ്ങളും ഇദ്ദേഹത്തിന് ഉപയോഗിക്കാൻ അറിയാം.
കൊയ്ത്തു മെതി യന്ത്രം, ഡ്രോൺ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനത്തിൽ മിടുക്കനാണ്. കാർഷിക യന്ത്രങ്ങൾ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വാടകക്കും കൊടുക്കുന്നുണ്ട്. 45 സെന്റ് സ്ഥലമാണ് സ്വന്തമായി ഉള്ളത്. 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു നെൽകൃഷിയും നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.