കൊല്ലം: ധാതുമണൽ ലഭ്യതകുറവ് കാരണം പൊതുമേഖല സ്ഥാപനമായ ചവറ കെ.എം.എം.എൽ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കുത്തുകകൾക്ക് ഒത്താശചെയ്ത് ധാതുമണൽ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായ കൃത്രിമ പ്രതിസന്ധിയാണിതെന്നും ആക്ഷേപം.
നിലവിൽ കമ്പനിയിൽ ധാതുമണൽ വേർതിരിക്കുന്ന മിനറൽ സെപ്പറേഷൻ യൂനിറ്റ് (എം.എസ് യൂനിറ്റ്) പ്രവർത്തിപ്പിക്കാൻ അവശേഷിക്കുന്നത് രണ്ടു മാസത്തേക്കുള്ള മണ്ണു മാത്രമാണന്നാണ് പറയുന്നത്. ധാതുമണൽ ലഭിച്ചില്ലെങ്കിൽ ഈ യൂനിറ്റ് അധികംവൈകാതെ അടച്ചിടേണ്ടിവരും. മാത്രമല്ല, യൂനിറ്റിലെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിച്ച നിലയിലുമാണ്. ഇക്കാലമത്രയും അത് നന്നാക്കാൻ ഉപയോഗിച്ച പണമുണ്ടായിരുന്നെങ്കിൽ അതുപോലെ നാല് യന്ത്രങ്ങൾ വാങ്ങാമെന്ന് ജീവനക്കാർ പറയുന്നു.
ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നാണ് ഇവിടേക്ക് ധാതുമണൽ എത്തിക്കുന്നത്. ഈ വർഷം ഇതുവരെ തോട്ടപ്പള്ളിയിൽനിന്ന് മണ്ണ് എത്തിയില്ല. കടലാക്രമണവും പാരിസ്ഥിതിക പ്രശ്നവും മൂലം നീണ്ടകരയിൽ കെ.എം.എം.എൽ ഖനനം ചെയ്യുന്നില്ല. ചവറ ഐ.ആർ.ഇയിലേക്കും തോട്ടപ്പള്ളിയിൽ നിന്നാണ് ധാതുമണൽ എത്തിക്കുന്നത്.
എം.എസ് യൂനിറ്റിന്റെ പ്രവർത്തനത്തിന് ഒരു വർഷം ആറുലക്ഷം ടൺ ധാതുമണൽ (റാസാന്റ്) ആവശ്യമാണ്. കുറെക്കാലമായി പൊന്മനയിലെയും തോട്ടപ്പള്ളിയിലെയും ധാതുമണൽ ശേഖരമാണ് കമ്പനിയെ പിടിച്ചുനിർത്തിയത്. നിലവിൽ പൊന്മനയിൽ മാത്രം ഖനനം നടത്തി കമ്പനക്ക് അധികകാലം മുന്നോട്ടുപോകാനാവില്ല. ധാതുമണൽ ലഭ്യത കുറവിൽ കമ്പനി നിർത്തലാക്കുമെന്ന സാഹചര്യം സൃഷ്ടിച്ച് മണൽ ഇറക്കുമതിക്ക് ഉന്നതതല ഗൂഢാലോചന നടക്കുന്നതായാണ് സൂചന. അദാനിയടക്കം വൻകിട കമ്പനികളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം.
മണ്ണിൽനിന്ന് ധാതുക്കൾ വേർതിരിക്കാനുള്ള അവകാശം കേന്ദ്ര നിയമപ്രകാരം കെ.എം.എം.എല്ലിനും ഐ.ആർ.ഇക്കും മാത്രമാണ്. കഴിഞ്ഞ വർഷം ഏകദേശം 15 ലക്ഷം ടൺ മണ്ണാണ് തോട്ടപ്പള്ളിയിൽനിന്ന് ഈ കമ്പനികളിൽ എത്തിയത്.
നീണ്ടകര മുതൽ ആലപ്പാട് വരെ എട്ട് ബ്ലോക്കായി തിരിച്ചാണ് ഇരു കമ്പനികൾക്കും മണൽ ഖനനം നടത്താൻ അവകാശം. ഈ മണലിൽനിന്നും എം.എസ് യൂനിറ്റിൽ വേർതിരിക്കുന്നത് ഇൽമനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, സിലിമനൈറ്റ് എന്നിവയാണ്. ഇതിൽ ഇൽമനൈറ്റ് കെ.എം.എം.എല്ലിലെ ടി.പി യൂനിറ്റിന് നൽകും. ബാക്കി ധാതുക്കൾ പുറത്ത് വിൽക്കുകയാണ് ചെയ്യുന്നത്. ഇൽമനൈറ്റിൽ നിന്നാണ് ടി.പി യൂനിറ്റ് ടൈറ്റാനിയം പിഗ്മെന്റ് ഉൽപാദിപ്പിക്കുന്നത്. ഒരുവർഷം 75000 ടൺ ഇൽമനൈറ്റ് ടി.പി യൂനിറ്റിന് ആവശ്യമാണ്. നിലവിൽ എം.എസ് യൂനിറ്റിൽനിന്ന് നൽകുന്നത് 50000 ടൺ മാത്രം. ബാക്കി 25,000 ടൺ 75 കോടി രൂപ നൽകി കെ.എം.എം.എൽ ഐ.ആർ.ഇയിൽനിന്ന് വാങ്ങുകയാണ്.
നീണ്ടകര പരിമണത്തുനിന്ന് ഖനനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തുടർനടപടി വൈകുന്നതും കെ.എം.എം.എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും. ധാതുമണലിൽനിന്ന് വിവിധ മൂലകങ്ങൾ വേർതിരിക്കുന്നതിലൂടെയും മൈനിങ് ജിയോളജി വഴി സർക്കാറിന് റോയൽറ്റിയായി ഒരുവർഷം മൂന്നുകോടി രൂപ ലഭിക്കുന്നുണ്ട്. ധാതുമണൽ വേർതിരിക്കുന്നതിലൂടെ പുറത്തുവരുന്ന മോണോസൈറ്റ് പ്രയോജനപ്പെടുത്തി ക്രാക്കിങിലൂടെ ഓക്സൈഡ് ഉൽപാദിപ്പിക്കാനും പദ്ധതി തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.