ബം​ഗ​ളൂ​രു കെ.​എ​സ്.​ആ​ർ.​ടി.​സി ബസപ​ക​ടം; ഡ്യൂട്ടി ക്രമീകരണത്തിന് എതിരെ വിമർശനം

കോഴിക്കോട്: ബംഗളൂരു - മൈസൂരു ദേശീയപാതയിൽ കോഴിക്കോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ ഡ്യൂട്ടി സംബന്ധിച്ച് വിമർശനം ഉയരുന്നു. ദീർഘദൂര സർവിസുകൾക്ക് സീനിയർ ഡ്രൈവർമാരെ നിയോഗിക്കണമെന്ന, ആറുമണിക്കൂറിലധികം രാത്രി ഓടേണ്ട സർവീസുകളിൽ രണ്ട് ഡ്രൈവർമാരെ നിയോഗിക്കണമെന്നുമുള്ള സർക്കുലറുകളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.

പകരം താത്കാലിക, ജൂനിയർ ഡ്രൈവർമാരെക്കൊണ്ട് ഈ ഡ്യൂട്ടി ചെയ്യിപ്പിക്കുകയാണെന്നാണ് വിമർശനം. കണ്ടക്ടറും ഡ്രൈവറുമായി സർവീസ് നടത്തി കണ്ടക്ടർമാർക്ക് സുഖകരമായ ഡ്യൂട്ടി ഉറപ്പാക്കാൻ വേണ്ടി ഡിപ്പോയിലെ മിഡിൽ മാനേജ്മെന്‍റിൽ സീനിയർ കണ്ടക്ടർമാർ സ്വാധീനം ചെലുത്തുന്നുവെന്നും വിമർശനമുണ്ട്. യാത്രയിൽ റിസവർവേഷൻ ടിക്കറ്റുകൾ ചെക്ക് ചെയ്തശേഷം ഈ കണ്ടക്ടർമാർ വിശ്രമത്തിലേക്ക് കടക്കും. ഗതാഗതക്കുരുക്കിലടക്കം പെട്ട് ഓട്ടം 12 മണിക്കൂർ വരെ നീളും. ഈ സമയമത്രയും ഒരാൾ തന്നെ ഡ്രൈവ് ചെയ്യേണ്ടിവരികയാണ്. ഇതിന്‍റെ അപകട സാധ്യത ഏറെക്കാലമായി ചില ജീവനക്കാർ ഉന്നയിക്കാറുണ്ട്.

സിംഗിൾ ഡ്രൈവറായി ദീർഘദൂര സർവീസിന് പറഞ്ഞയക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. സർവീസുകൾ ഡ്രൈവർ കം കണ്ടക്ടർ ആക്കണമെന്ന് ഏറെക്കാലമായ ആവശ്യമാണ്.അപകടത്തിൽ മരിച്ച മിഥിലേഷ് കോഴിക്കോട് ഡിപ്പോയിലെ താത്കാലിക ഡ്രൈവറായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കെ.എസ്.ആർ.ടി.സിയിൽ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൈസൂർ സർവീസ് കഴിഞ്ഞ് കോഴിക്കോട് തിരിച്ചെത്തുകയും രാത്രി വീണ്ടും ഡ്യൂട്ടിക്ക് കയറുകയുമായിരുന്നു. അന്തർ സംസ്ഥാന സർവീസുകൾ ഡ്രൈവറും കണ്ടക്ടറും മാറി ഓടിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതാണ് ഈ അപകടത്തിന് വഴിവെച്ചതെന്ന വിമർശനം ജീവനക്കാർ തന്നെ ഉന്നയിക്കുന്നു.

പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു

ബംഗളൂരു: എക്സ്പ്രസ് വേ ബിഡദിയില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെ.എസ് ആര്‍.ടി.സി ബസ് അപകടത്തില്‍ പരിക്കേറ്റ താമരശ്ശേരി സ്വദേശികളായ ഹൃദ്യ മോഹന്‍ (22), പി.എസ്. സൂരജ്(19) എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. ബംഗളൂരു ഭരത് കമ്പണ്ണ ആശുപത്രിയില്‍ ചികിത്സയിലാണിവർ. കല്യാണ്‍ നഗറിലെ ബാംഗളൂര്‍ ഫ്ലോറന്‍സ് കോളജില്‍ ബിഎസ്.സി നഴ്സിങ് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് ഹൃദ്യ. ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

അപകടത്തില്‍ മുഖത്തും കാലിനും കൈകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവുമുണ്ട്. മുഖത്ത് ഗുരുതര പരിക്കേറ്റ കല്‍പ്പറ്റ ചുള്ളിയോട് സ്വദേശി എം.എ. ജാഫര്‍(40) മേപ്പാടി ബിംസ് കോളജില്‍ ചികിത്സയിലാണ്. ബംഗളൂരുവില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്നു. 12 വര്‍ഷമായി ഇദ്ദേഹം ബംഗളൂരുവിൽ ആര്‍.ടി നഗറിലാണ് താമസം. തലക്ക് ഗുരുതര പരിക്കേറ്റ മാവൂര്‍ സ്വദേശി സനൂപ് സനുവിനെ ബി.ജി.എസ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെയും നില ഗുരുതരമായി തുടരുകയാണ്.

കെ.എം. ഷഹാബാദ്, നിതിന്‍ രാജ്, കെ.എസ് ജിത്തു, ടി. തിരുമുര്‍ത്തി, കെ.വി. ഹുസൈന്‍ , അശ്വിന്‍ ഗൗഡ, ഫെലിക്സ് സേവിയര്‍, അശ്വിന്‍, എം.പി. ഷീന, അജിത്ത് മേനോന്‍, സ്നേഹ അജിത്ത്, സക്കീന ഷാഫി, നിഷാദ് നിഷാദ്, സ്നേഹ, അമല്‍ കെ.പി, എം. റാഷിദ്, റോസ്ന സെബാസ്റ്റ്യന്‍, എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം ശനിയാഴ്ച വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു. 35 പേരുമായാണ് ബസ് യാത്ര ആരംഭിച്ചത്. 10 പേര്‍ ‍മൈസൂരുവിലിറങ്ങി. ഡ്രൈവറും കണ്ടക്ടറുമടക്കം 27 പേരാണ് അപകടസമയം ബസില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ബിഡദി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ഡിപ്പോയിലെ കെ.എല്‍. 15 എ 1963 എന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പെട്ടത്.

ബംഗളൂരു-മൈസൂരു പാതയില്‍ കെ.എസ്.ആര്‍ടി.സി ബസ് മറിഞ്ഞ് മരിച്ച കണ്ടക്ടര്‍ എം. എം. അരുണിന്റെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോ‍‍ഡ് ശ്മശാനത്തില്‍ സംസ്കരിക്കാനായി കൊണ്ടുവന്നപ്പോള്‍

 ഡ്രൈവറുടേയും കണ്ടക്ടറുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

കോഴിക്കോട്: ബംഗളുരു -മൈസുരു എക്പ്രസ് വേയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ കച്ചേരി വെള്ളയിൽ കെ. മിഥിലേഷിന്റെയും കണ്ടക്ടര്‍ ചേവായൂർ നെച്ചോളി മീത്തൽ എന്‍.എം. അരുണിന്റെയും മൃതദേഹങ്ങള്‍ കോഴിക്കോട്ട് എത്തിച്ച് സംസ്കരിച്ചു. മിഥിലേഷിന്റെ മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തിലും അരുണിന്റെ മൃതദേഹം മാവൂര്‍ റോഡ് സ്മൃതിപഥത്തിലുമാണ് സംസ്‌കരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട്ട് എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച രാത്രി ബംഗളൂരു എ.ഐ.കെ.എം.സി.സിയുടെ ആംബുലന്‍സുകളിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.

കെ.എസ്.ആർ.ടി.സി ജീവനക്കാരും ഉദ്യോഗസ്ഥരുമുൾപടെ നൂറു കണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. എം.കെ രാഘവന്‍ എം.പി, അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ, മേയർ ഒ. സദാശിവൻ തുടങ്ങി ജനപ്രതിനിധികൾ അന്തിമോപചാരമർപ്പിച്ചു. 10.30ഓടെ മിഥിലേഷിന്റെ മൃതദേഹവും 11മണിയോടെ അരുണിന്റെ മൃതദേഹവും സംസ്‌കരിച്ചു. മൈസൂരു- ബംഗളൂരു ദേശീയപാതയിലെ രാമനഗര ബിഡദിക്ക് സമീപം ശനിയാഴ്ച പുലർച്ചെ 6.30 ഓടെയാണ് സൂപ്പര്‍ ഡീലക്‌സ് ബസ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ദിശാസൂചിക ബോര്‍ഡിന്റെ തൂണിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കണ്ടക്ടര്‍ അരുണ്‍ അപകടസ്ഥലത്തും ഡ്രൈവര്‍ മിഥിലേഷ് ചികിത്സക്കിടെയുമാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 9.30 നാണ് 23 യാത്രക്കാരുമായാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് മിഥിലേഷ് കെ.എസ്.ആർ.ടി.സിയില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്. 20 വര്‍ഷമായി കെ.എസ് ആർ.ടി.സിയില്‍ ജീവനക്കാരനാണ് അരുണ്‍. അപടകത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയില്‍ തുടരുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടം സംബന്ധിച്ച് കെ.എസ്.ആർ.ടിസിയുടേയും പൊലീസിന്റെയും നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. 

Tags:    
News Summary - ബം​ഗ​ളൂ​രു കെ.​എ​സ്.​ആ​ർ.​ടി.​സി ബസപ​ക​ടം; ഡ്യൂട്ടി ക്രമീകരണത്തിന് എതിരെ വിമർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.