തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ട്രൈബൽ കോംപ്ലക്സിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ കുട്ടികൾക്കൊപ്പം. മന്ത്രി കെ.എ. തുളസി സമീപം

പട്ടികജാതി, പട്ടികവർഗക്കാർക്ക് പ്രത്യേക ഭവന പദ്ധതി; ലൈഫ് പദ്ധതിയിലെ പരാതികൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി-പട്ടിക വർഗക്കാർക്ക് പ്രത്യേക ഭവന പദ്ധതി സർക്കാറിന്‍റെ ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സർക്കാറാണിത്. പട്ടിക വിഭാഗം വിദ്യാർഥികളുടെ ഇ-ഗ്രാന്റുകൾ മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഗോത്ര വർഗ മേഖലയിലെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകും.

പാരമ്പര്യ മരുന്നുകളെക്കുറിച്ച തദ്ദേശ ജനതയുടെ അറിവുകൾ സംരക്ഷിക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ് സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതവുമാക്കാൻ തയാറാക്കിയ സർവിസ് പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. എറണാകുളം ട്രൈബൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, കൊച്ചി മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, സംസ്ഥാന ഇന്ദിരക്കുട്ടി രാജു, കെ.എസ്. ശ്രീരേഖ എന്നിവർ സംസാരിച്ചു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ് സ്വാഗതം പറഞ്ഞു. 

Tags:    
News Summary - പട്ടികജാതി, പട്ടികവർഗക്കാർക്ക് പ്രത്യേക ഭവന പദ്ധതി; ലൈഫ് പദ്ധതിയിലെ പരാതികൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.