ശ്രീ​പ്രി​യ​യും കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞ് ക​ല​യ​ര​സ​നും

കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി

തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും.

കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ അഴുക്കുചാലിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്പരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് ​കൊലപാതക വിവരത്തിലേക്ക് വഴിതെളിച്ചത്.

കുടുംബവുമൊത്ത് തിരൂരിൽ താമസിക്കുന്ന ജയസൂര്യയോടൊപ്പം മൂന്നുമാസം മുമ്പാണ് ശ്രീപ്രിയ 11 മാസം പ്രായമുള്ള മകനെയും കൂട്ടി ഇവിടെയെത്തിയത്. ഭർത്താവും കൊല്ലപ്പെട്ട കളയരസന്റെ പിതാവുമായ മണികണ്ഠനെ ഉപേക്ഷിച്ചാണ് ശ്രീപ്രിയ ജയസൂര്യയോടൊപ്പം ഒളിച്ചോടിയത്.

തിരൂരിലെത്തിയ ശേഷം കളയരസനെ ശ്രീപ്രിയയും ജയസൂര്യയുടെ പിതാവ് കുമാറും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുല്ലൂർ വലിയ പാടം വാടക ക്വാർട്ടേഴ്സിലാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചതായാണ് പ്രതികൾ തിരൂർ പൊലീസിന് മൊഴി നൽകിയത്.

ഒളിച്ചോടിയതിനു ശേഷം ശ്രീപ്രിയയെക്കുറിച്ച് ഒരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. പുത്തനത്താണിയിൽ താമസിക്കുന്ന ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്പരസൻ കഴിഞ്ഞ ദിവസം തിരൂരിൽനിന്ന് തിരിച്ചുപോകുമ്പോൾ പുല്ലൂരിൽവെച്ച് ശ്രീപ്രിയയെ അവിചാരിതമായി കാണുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ചിതമ്പരസനും വിജയയും പുല്ലൂരിലെത്തി ശ്രീപ്രിയയുടെ താമസസ്ഥലം കണ്ടെത്തി. കുട്ടിയെ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാത്തതിനെ തുടർന്ന് സംശയം തോന്നി നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയതായും മൃതദേഹം തൃശൂരിൽ ഉപേക്ഷിച്ചതായും പ്രതികൾ സമ്മതിച്ചു. പ്രതികൾ നൽകിയ വിവരമനുസരിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിലെ അഴുക്കുചാലിൽ നടത്തിയ തിരച്ചിലിൽ പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതികളെ തൃശൂരിലേക്ക് കൊണ്ടുപോയി. രണ്ടുവർഷം മുമ്പായിരുന്നു ശ്രീപ്രിയയും മണികണ്ഠനും തമ്മിലുള്ള വിവാഹം നടന്നത്.

Tags:    
News Summary - Tirur Child murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.