തിരുവനന്തപുരം: ടൈഡ് ഓവര്‍ വിഹിതത്തിൽ വെട്ടിക്കുറച്ച അരി പുനഃസ്ഥാപിക്കാൻ സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. 33,294 മെട്രിക് ടണ്‍ അരിയാണ് നേരത്തെ ലഭിച്ചിരുന്നത്. കഴിഞ്ഞ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് 6,459 മെട്രിക് ടണ്‍ ഗോതമ്പ് അനുവദിക്കുകയും അത്രയും അരിവിഹിതം കുറക്കുകയും ചെയ്തിരുന്നു. ഇത്തവണ ലഭിച്ചത് 26,835 മെട്രിക് ടണ്‍ അരി മാത്രമാണ്.
ഇതുമൂലം ഓണക്കാലത്ത് സ്പെഷൽ വിഹിതം നൽകാൻ തികഞ്ഞില്ല. അരി വില കൂടിയെന്ന വിഷയം പ്രതിപക്ഷം ആക്ഷേപമായി ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വെട്ടിക്കുറച്ച അരി പുനഃസ്ഥാപിക്കാൻ സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. 2014-15 കാലത്ത് അനൂപ് ജേക്കബ് ഭക്ഷ്യമന്ത്രിയായിരിക്കെയാണ് ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ കേരളം ടൈഡ് ഓവര്‍ വിഹിതം ആവശ്യപ്പെട്ടതും കേന്ദ്രം 33,294 മെട്രിക് ടണ്‍ അരി അനുവദിച്ചതും. സംസ്ഥാനത്തിന് റേഷൻ വിതരണത്തിനായി ലഭിക്കുന്ന അധിക അരി വിഹിതമാണിത്. ടൈഡ് ഓവര്‍ വിഹിതത്തിൽ നിന്നാണ് ഉത്സവകാലത്ത് നീല, വെള്ള കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ സ്പെഷൽ അരി നൽകിവന്നിരുന്നത്. എന്നാൽ, കഴിഞ്ഞ സർക്കാർ 6,459 മെട്രിക് ടണ്‍ ഗോതമ്പ് ആവശ്യപ്പെട്ടതോടെ കേന്ദ്രം അരിയിൽ അത്രയും വിഹിതം കുറവു വരുത്തി അനുവദിച്ചു.
2026 ജനുവരിയിലാണ് ഈ മാറ്റം വന്നത്. കഴിഞ്ഞ വിഷുവിന് സ്‌പെഷല്‍ അരി നല്‍കിയതോടെ ഓണത്തിന് അരി പരിമിതമായി. ഓണക്കാലത്ത് പിങ്ക് കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ സ്പെഷൽ അരി നൽകാനായില്ല. പകരം ഒ.എം.എസ്.എസ് (ഓപൺ മാർക്കറ്റ് സെയിൽ സ്കീം) അരി കിലോഗ്രാമിന് 26 രൂപ നിരക്കില്‍ ലഭ്യമാക്കേണ്ടിവന്നു.
കഴിഞ്ഞ സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് സർക്കാർ പറയുന്നത്. അരി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുമെങ്കിലും ഗോതമ്പ് ഒഴിവാക്കുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ല. ഗോതമ്പിന്‍റെ ഉപയോഗം കാര്യക്ഷമമാണോ എന്ന് പഠിച്ചശേഷം അതുണ്ടാവൂ. നുറുക്കുഗോതമ്പ് ആയി നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തായാലും അടുത്ത വർഷമേ അരിവിഹിതത്തിൽ മാറ്റം വരുത്താനാവൂ.
തിരുവനന്തപുരം: വില കൂടുകയാണെങ്കില്‍ 25,000 മെട്രിക് ടൺ അരി കൂടി വിപണിയിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് കത്തയച്ചു. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് നിലവില്‍ 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണത്തിന് എത്തിച്ചിട്ടുണ്ട്.
വില നിയന്ത്രിക്കാന്‍ ഇത്രയും അരി പര്യാപ്തമാണ്. അരിവില കൂടുകയാണെങ്കില്‍ കൂടുതല്‍ അരി വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ഒ.എം.എസ്.എസ് അരിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് അരിയുടെ ഡിമാൻഡ് കുതിച്ചു കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ റേഷന്‍ കടകളിലും അടിയന്തരമായി സ്‌പെഷല്‍ അരി പൂര്‍ണമായി എത്തും. 16 ന് ഉച്ചക്ക് ഒന്നുവരെ 2000 മെട്രിക് ടണ്‍ ഒ.എം.എസ്.എസ് അരി വിതരണം ചെയ്തു കഴിഞ്ഞു. ഓരോ റേഷന്‍ കാര്‍ഡിനും ലഭ്യമാക്കേണ്ട അരിയുടെ അളവ് കുറച്ചിട്ടില്ല. വിലയിലും മാറ്റമില്ല. സപ്ലൈകോ ഔട്ട്ലെറ്റ് വഴി സെപ്റ്റംബറിലെ അരിയും ഈമാസം വാങ്ങാം. അതോടെ എല്ലാ കാര്‍ഡിനും സപ്ലൈകോ വഴി 36 കിലോ അരി ലഭിക്കും.
ഇതില്‍ 20 കിലോ അരി ഒ.എം.എസ്.എസ് പ്രകാരം ലഭ്യമാക്കുന്നതാണ്. 40,000 ഓണക്കിറ്റുകൾ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഉപഭോക്താക്കളുടെ കൈയിലെത്തി. ആറുലക്ഷം ഓണക്കിറ്റുകളാണ് നൽകുക. മൂന്നുലക്ഷം ഓണക്കിറ്റുകൾ അനുവദിച്ചു. ഇതിൽ 80,000 എണ്ണം റേഷൻ കടകളിലെത്തി. അവശേഷിച്ചവ തിങ്കളാഴ്ച എത്തും. കഴിഞ്ഞ വർഷം ഉത്രാട ദിവസമാണ് ഓണക്കിറ്റ് വിതരണം പൂർത്തിയായത്. ഇത്തവണ അടുത്ത ശനിയാഴ്ചയോടെ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.