കാലടി സർവകലാശാല പ്രതിഷേധം; വി.സിയുടെ പരാതിയിൽ നാലു എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ ആക്രമിച്ചുവെന്ന് കാട്ടി സംസ്കൃത സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസ് പരാതി നൽകി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ നാലു എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥികൾ ദേഹോപദ്രവം ഏൽപിച്ചു, മാനസികമായി പീഡിപ്പിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തി എന്നിങ്ങനെ പരാതിയിൽ പറയുന്നു. തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സനൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിലുണ്ട്.

കഴിഞ്ഞ ദിവസം സംസ്കൃത സർവകലാശാലയിൽ നടന്ന ആക്രമണം സംബന്ധിച്ച വിവരങ്ങൾ വി.സി ചാൻസലർ കൂടിയായ ഗവർണറെ ധരിപ്പിച്ചു. പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യം വേണ്ട മുൻകരുതൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് വി.സി ഗവർണറെ അറിയിച്ചു. ഗവർണറെ സന്ദർശിച്ച ശേഷമാണ് പരാതി നൽകിയത്. പുറമേ നിന്നുള്ള വിദ്യാർഥികളും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Kalady University protest; Four SFI activists arrested on VC's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.