പാലക്കാട്: "ഞങ്ങളെ പാർലമെന്റ് കാണിക്കാൻ കൊണ്ടുപോകാമോ...?" കോങ്ങാട് എം.എൽ.എ ഓഫീസിലെത്തിയ അട്ടപ്പാടി കാര്യറ യു.പി. സ്കൂളിലെ കുട്ടിക്കൂട്ടം ചോദിച്ചപ്പോൾ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിക്കും വി.കെ. ശ്രീകണ്ഠൻ എം.പിയും "പാർലമെന്റ് മാത്രമല്ല, കേരള നിയമസഭയും കാണിക്കാം"- മറുപടി കേട്ട കുട്ടികളുടെ മുഖത്ത് സന്തോഷച്ചിരി വിരിഞ്ഞു.
സ്വന്തമായി സ്കൂൾബസ് എന്ന ചിരകാല സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദവുമായാണ് അട്ടപ്പാടി കാര്യറ യു.പി. സ്കൂളിലെ വിദ്യാർഥികൾ മന്ത്രിയെയും എം.പിയെയും നേരിൽ കാണാനെത്തിയത്. വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ പുതിയ ബസിലെ ആദ്യ ദൂരയാത്ര കൂടിയായിരുന്നു കുട്ടികൾക്കിത്. കുട്ടികളുമായി മന്ത്രിയും എം.പിയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. തങ്ങളുടെ പഠനവിശേഷങ്ങളും നാടിന്റെ വിശേഷങ്ങളും കുട്ടികൾ പങ്കുവെച്ചപ്പോൾ, അവരുടെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് മികച്ച വിജയം ആശംസിച്ച മന്ത്രി, സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് തുടർന്നും പദ്ധതികൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി. കുട്ടികളുടെ രക്ഷിതാക്കളുമായി ഇരുവരും ഫോൺ മുഖേന സംസാരിക്കുകയും ചെയ്തു.
300 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് സ്വന്തമായൊരു ബസ് അത്യന്താപേക്ഷിതമായിരുന്നു. പഠനത്തിനു പുറമെ അനുബന്ധ പ്രവർത്തനങ്ങൾക്ക് കൂടിയുള്ള യാത്രപരിമിതിക്കാണ് വാഹനം ലഭിച്ചതിലൂടെ പരിഹാരമായത്. യാത്രാസൗകര്യം മെച്ചപ്പെട്ടതോടെ ഈ അധ്യയന വർഷം മാത്രം പുതുതായി 120 കുട്ടികൾ പ്രവേശനം നേടിയതായി സ്കൂൾ ഹെഡ്മിസ്ട്രസ് പറഞ്ഞു. പ്രഭാതഭക്ഷണ പദ്ധതി ഉടനെ ആരംഭിക്കണമെന്നും സ്കൂളിന് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപെട്ടു. ഓഡിറ്റോറിയവും ചുറ്റുമതിലും സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്ത് സൗകര്യം ഒരുക്കണമെന്നുള്ള ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
എൽ പി, യു പി വിഭാഗങ്ങളിലെ 27 വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂൾ ഹെഡ്മിസ്ട്രെസ് സിന്ധു സാജൻ, പി.ടി.എ പ്രസിഡന്റ് ഫിന്നി ജോൺ, വൈസ് പ്രസിഡന്റും അഗളി പഞ്ചായത്ത് അംഗവുമായ കെ.കെ. സൂര്യ, എസ്.എം.സി ചെയർമാൻ എം.സി. പ്രേമചന്ദ്രൻ, എം.പി.ടി.എ പ്രസിഡന്റ് രജനി ബെന്നി, പി.ടി.എ അംഗങ്ങളായ സ്മിത മംഗലശ്ശേരി, പ്രിൻസി രഞ്ജിത്ത്, അധ്യാപകരായ സുനിത, പ്രിയ, മരുതി, സബിത, രജീന, ജ്യോതിലക്ഷ്മി തുടങ്ങിയവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.