ജനകീയാസൂത്രണം ‘ജെൻസി’യിലേക്ക്; ചുവടുവെപ്പുകൾക്ക് ആശയമേകി അനുഭവ സംഗമം

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിന്റെ അനുഭവം പങ്കുവെച്ചും ജെൻസി തലമുറയെ കൂടി ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടും ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം. പരമ്പരാഗത രീതികൾക്കപ്പുറം എ.ഐ അടക്കം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കാലാനുസൃതമായ ആസൂത്രണ ദൗത്യത്തെക്കുറിച്ചും ആവശ്യമുയർന്നു.

ജനകീയാസൂത്രണത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് കോട്ടൺ ഹിൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമത്തിലായിരുന്നു ചർച്ചകൾ. ജനകീയ ആസൂത്രണം എങ്ങനെ യുവതക്ക് മുന്നിൽ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങാൻ സമയമായിരിക്കുന്നുവെന്ന് സംഗമം ഉദ്ഘാടനം ചെയ്ത തദ്ദേശ മന്ത്രി കെ.എം. ഷാജി അഭിപ്രായപ്പെട്ടു. ‘ഞങ്ങൾ എന്തിനാണ് ഇതിലൊക്കെ പങ്കാളിയാകുന്നതെന്ന് ജെൻസിയും ജെൻ ആൽഫയുമൊക്കെ ചോദിക്കുമ്പോൾ അതിന് കൃത്യമായ ഉത്തരം നൽകാൻ കഴിയണം. അവർ രാഷ്ട്ര നിർമാണത്തിൽ പ്രധാന ഉത്തരവാദിത്തങ്ങൾ വഹിച്ചു തുടങ്ങിയിരിക്കുന്നു. ഡൽഹിയിൽ അത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ജെൻസി ഉൾപ്പെടെയുള്ള വിഭാഗങ്ങളെ ഉൾപ്പെടുത്തി ജനകീയ ആസൂത്രണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ കഴിയണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോകത്തിന് മുന്നിൽ കേരളത്തെ മാതൃകയാക്കി മാറ്റിയ ഈ ദൗത്യത്തെ ഇനിയും 25 വർഷം മുന്നിൽക്കണ്ടും ജെൻസി വിഭാഗത്തെ ഉൾക്കൊണ്ടും എങ്ങനെ ഫലപ്രദമായി സമ്പുഷ്ടമാക്കാം എന്നത് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ അധികാര വികേന്ദ്രീകരണ പ്രയാണത്തിൽ ഒരു പുതിയ തലമുറയെ കൈപിടിച്ച് പ്രതിഷ്ഠിച്ചായിരിക്കും നമ്മൾ പിൻവാങ്ങുകയെന്ന് ഡോ. ടി.എം. തോമസ് ഐസക് വ്യക്തമാക്കി. ഇതൊരു വാശിയായി കേരളത്തിൽ സൃഷ്ടിക്കാനാകണം. അതിനുള്ള പരിപാടി എന്തെന്ന് നമ്മൾ തന്നെ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ നാട്ടിൽ പാവങ്ങൾക്കും സാധാരണക്കാർക്കും താമസിക്കാനുള്ള ലക്ഷക്കണക്കിന് വീടുകൾ ഉണ്ടാക്കിക്കൊടുത്തു എന്നതിൽ ഗ്രാമസഭകൾക്ക് പ്രധാന പങ്കുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. സംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങും വ്യത്യസ്തമായിരുന്നു. 14 ജില്ലകളെയും പ്രതിനിധീകരിക്കുന്ന തണൽ മരത്തൈകൾക്ക് അതിഥികൾ ചേർന്ന് വെള്ളമൊഴിച്ചായിരുന്നു ഉദ്ഘാടനം.

Tags:    
News Summary - People's plan to 'Gency'; 30th anniversary celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.