ഫ്രീഡം ക്വിസ് ഫൈനലിസ്റ്റുകൾ മന്ത്രി എ.പി അനിൽകുമാർ, ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് തുടങ്ങിയവർക്കൊപ്പം. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ലുലു കാലിക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് ഷരീഫ് മാട്ടിൽ, ലുലു കാലിക്കറ്റ് റീജനൽ മാനേജർ ഷരീഫ് സൈദു എന്നിവർ സമീപം
കോഴിക്കോട്: 'മാധ്യമം ഫ്രീഡം ക്വിസ്’ ഗ്രാൻഡ് ഫിനാലെക്ക് ആവേശോജ്ജ്വല സമാപനം. സ്‌കൂൾ വിദ്യാർഥികളിൽ സ്വാതന്ത്ര്യദിന അറിവും അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ പത്തനംതിട്ട തോട്ടക്കോണം ജി.എച്ച്.എസ്.എസ്സിലെ ശിഹാദ് ഷിജുവാണ് ചാമ്പ്യൻ.
മാധ്യമവും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെയാണ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്. കോഴിക്കോട് ലുലു മാളിൽ നടന്ന ആവേശകരമായ അന്തിമ പോരാട്ടത്തിൽ നൂറുകണക്കിന് പേരെ സാക്ഷിയാക്കിയാണ് പുതിയ ക്വിസ് ജേതാവിനെ പ്രഖ്യാപിച്ചത്. കാസർകോട് മഞ്ചേശ്വരം എസ്.എ.ടി.എച്ച്.എസ്.എസ്സിലെ കെ.പി. പൂജ ലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായും, കോഴിക്കോട് ജി.എച്ച്.എസ്.എസ് പെരിങ്ങളത്തിലെ ഹിരൺ ബി സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
ഫ്രീഡം ക്വിസ് ചാമ്പ്യൻ ശിഹാദ് ഷിജു, രണ്ടാം സ്ഥാനം നേടിയ കെ.പി. പൂജ ലക്ഷ്മി, മൂന്നാം സ്ഥാനം നേടിയ ഹിരൺ ബി
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച ഫൈനൽ മത്സരം കാണികൾക്ക് അറിവും ആവേശവും പകർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിലിമിനറി, സെമി ഫൈനൽ കടമ്പകൾ കടന്നെത്തിയ 11 മികച്ച പ്രതിഭകളാണ് ഫിനാലെയിൽ മാറ്റുരച്ചത്. സദസ്സിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിച്ചും സ്പോട്ട് സമ്മാനങ്ങൾ നൽകിയും ജി.എസ്. പ്രദീപ് കാണികളെ ആവേശത്തിലാഴ്ത്തി. പ്രത്യേക അതിഥിയായെത്തിയ യുവ ഗായിക ശ്രേയ ജയദീപിന്റെ സാന്നിധ്യവും ഗാനാലാപനവും ചടങ്ങിന് കൂടുതൽ മാറ്റ് കൂട്ടി.
ചടങ്ങിൽ മന്ത്രി എ.പി. അനിൽകുമാർ മുഖ്യാതിഥിയായി. വിദ്യാർഥികളിൽ ചരിത്രാവബോധം വളർത്താൻ ഇത്തരം വിജ്ഞാനോത്സവങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്‌സ് ഡയറക്ടർ കെ.എം അഫ്‌സൽ ആശംസയർപ്പിച്ച് സംസാരിച്ചു. ലുലു മാൾ റീജനൽ ഡയറക്ടർ ഷരീഫ് മാട്ടിൽ, ലുലുമാൾ റീജനൽ മാനേജർ ഷരീഫ് സൈദു, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് എന്നിവർ പുരസ്കാര ചടങ്ങിൽ പങ്കെടുത്തു.
വിജയികൾക്കും മറ്റ് ഫൈനലിസ്റ്റുകൾക്കുമുള്ള പ്രത്യേക മൊമെന്റോകൾ മന്ത്രി എ.പി. അനിൽകുമാർ വിതരണം ചെയ്തു. ജേതാക്കൾക്കുള്ള സ്വർണനാണയങ്ങൾ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപും പ്രശസ്തിപത്രവും പ്രത്യേക ഉപഹാരവും മാധ്യമം സി.ഇ.ഒ പി.എം സാലിഹും സമ്മാനിച്ചു. സെമി ഫൈനൽ ക്വിസ് മാസ്റ്ററായ സുഹൈർ സിരിയസിനുള്ള സ്നേഹോപഹാരം ജി.എസ് പ്രദീപ് കൈമാറി.
ലുലു കണക്ട്, ആംകോസ് പെയിൻ്റ്സ് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. വി.കെ.സി പ്രൈഡ്, ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി, റേയ്സ്, നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഓർബിസ് ക്രിയേറ്റീവ്സ് എന്നിവരുമായി സഹകരിച്ചാണ് ഈ വിജ്ഞാനോത്സവം ഒരുക്കുന്നത്.
ഫിനാലെ വേദിയിൽ പ്രത്യേക അതിഥിയായെത്തിയ യുവഗായിക ശ്രേയ ജയദീപിന്റെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. ഓണാഘോഷങ്ങളും അതിനായുള്ള ഒരുക്കങ്ങളും തുടങ്ങിയെന്നും പുതിയ ആൽബം ഉടൻ പുറത്തിറങ്ങുമെന്നും ശ്രേയ പങ്കുവെച്ചു.
സ്കൂൾ പഠനകാലത്ത് താൻ ക്വിസ് മത്സരങ്ങളിലൊന്നും പങ്കെടുക്കാറില്ലായിരുന്നുവെന്നും ശ്രേയ കൂട്ടിച്ചേർത്തു. മനോഹരമായൊരു ഗാനം ആലപിച്ച ശ്രേയ, അവതാരകയോടൊപ്പം ചേർന്ന് ഫൈനലിലെത്തിയ 11 പ്രതിഭകളെയും വേദിയിലേക്ക് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.