തൃശൂർ: കാത്തിരുന്ന പ്രൗഢിയുടെ പൂരമെത്തി. പൂരത്തിലേക്ക് നടക്കുകയാണ് തൃശൂർ. സർക്കാർ തലത്തിലും ദേവസ്വങ്ങളുടെയും തട്ടകങ്ങളിലും പൂരം ഒരുക്കങ്ങളുടെ അവസാന പ്രവൃത്തികളിലാണ്. കോവിഡ് കഴിഞ്ഞുള്ള ആദ്യപൂരമായ കഴിഞ്ഞ വർഷം പ്രതീക്ഷയിൽ കവിഞ്ഞ ആളുകളെത്തിയിരുന്നു. അവധിദിവസം ആയതിനാൽ ഇത്തവണ പൂരത്തിനെത്തുന്നവരുടെ എണ്ണം റെക്കോഡ് ഭേദിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനനുസരിച്ച ക്രമീകരണങ്ങളിലാണ് സർക്കാറും ദേവസ്വങ്ങളും.
പൂരം പ്രദർശന നഗരിയുടെ തറവാടക വിവാദവുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രശ്ന പരിഹാരമായിട്ടില്ലെങ്കിലും പൂരം ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. പ്രദർശനം തുടങ്ങി. ഹൈകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കോടതി വിധിക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ആലോചന. സർക്കാർതലത്തിൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്ന് ദേവസ്വം മന്ത്രി ദേവസ്വങ്ങളെ അറിയിച്ചിട്ടുണ്ട്.
കലക്ടറായി ചുമതലയേറ്റ വി.ആർ. കൃഷ്ണതേജയുടെ ആദ്യ പൂരം കൂടിയാണ് ഇത്തവണത്തേത്. ദേവസ്വങ്ങളും ഉദ്യോഗസ്ഥരുമായി രണ്ട് തവണ യോഗം ചേർന്നു. വെടിക്കെട്ടിന് പെസോ നിർദേശമനുസരിച്ച് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കാനാവാത്തത് നീക്കി എല്ലാവർക്കും കാണാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്. ഞായറാഴ്ച കലക്ടർ വിളിച്ച യോഗത്തിൽ പങ്കെടുത്ത പെസോ ഉദ്യോഗസ്ഥർക്ക് മുന്നിൽ ദേവസ്വങ്ങൾ ആവശ്യം ആവർത്തിച്ചു.
ഏപ്രിൽ 30ന് ഞായറാഴ്ചയാണ് പൂരം. മേയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ. സ്വരാജ് റൗണ്ടിലെ പൂരപ്പന്തലുകളും ഉയരാൻ തുടങ്ങുകയാണ്. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ട് 12ന് രാവിലെ 10ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.