സുരേഷ് ഗോപി അവഹേളിച്ച് കൈയൊഴിഞ്ഞ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്കില്‍നിന്ന് പണം

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ പണം എന്ന് ലഭിക്കുമെന്ന് കേന്ദ്ര സഹമ​ന്ത്രി സുരേഷ് ഗോപിയോട് ചോദിച്ചതിന് അവഹേളനം നേരിട്ട പൊറുത്തിശ്ശേരി സ്വദേശി ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്കില്‍നിന്ന് പണം ലഭിച്ചു. തനിക്കാവശ്യമായ പണം കരുവന്നൂര്‍ ബാങ്കില്‍നിന്ന് കിട്ടിയെന്നും കണ്ടാരംതറയില്‍ പോയി സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്നും ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു.

മരുന്ന് വാങ്ങാനാവശ്യമായ പണം ആവശ്യപ്പെട്ടാണ് ആനന്ദവല്ലി ബാങ്കില്‍ അപേക്ഷ നല്‍കിയത്. ഇനിയും ആവശ്യപ്പെടുന്നതിനനുസരിച്ച് പണം നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായും ആനന്ദവല്ലി പറഞ്ഞു.

ആനന്ദവല്ലി കരുവന്നൂര്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ ചെക്കില്‍ ഒപ്പിടുന്നു

ആനന്ദവല്ലിയുടെ പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായതെന്ന് സി.പി.എം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാല്‍ പറഞ്ഞു.

പൊറുത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് കലുങ്ക് സംവാദത്തിനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക എന്ന് ലഭിക്കുമെന്ന് ആനന്ദവല്ലി ചോദിച്ചിരുന്നു. എന്നാല്‍, അതിന് സുരേഷ് ഗോപി പറഞ്ഞത് ഇ.ഡി പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കിയാല്‍ അത് സ്വീകരിച്ച് നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയാനായിരുന്നു.

സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ ആനന്ദവല്ലിക്ക് വലിയ മനഃപ്രയാസം ഉണ്ടാക്കിയിരുന്നു. സുരേഷ്​ ഗോപി പരസ്യമായി പരിഹസിച്ചത് സങ്കടമുണ്ടാക്കിയെന്നും എം.പിയിൽ നിന്ന് നല്ല വാക്കാണ് പ്രതീക്ഷിച്ചതെന്നും ആനന്ദവല്ലി നിറകണ്ണുകളോടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുരോഷ് ഗോപി പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയെ കാണാൻ പോകാൻ സ്ഥലമറിയില്ല. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചത് തിരികെ ലഭിച്ചുമെന്ന് കരുതിയാണ്. 1.45 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. തലയിലെ ഞരമ്പിന്‍റെ തകരാറിന് മരുന്നു വാങ്ങിക്കാൻ മാസം 2000 രൂപ വേണം. ബാങ്കുകാരോട് ചോദിക്കുമ്പോൾ പണം നൽകില്ല. വോട്ട് ചോദിച്ച് വന്നപ്പോൾ, തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കരുവന്നൂർ ബാങ്കിലെ പണം വാങ്ങിക്കാമെന്ന് സുരോഷ് ഗോപി ഉറപ്പു നൽകിയിരുന്നു. എല്ലാവർക്കും പണം കിട്ടുമെന്നും പറഞ്ഞു. വാക്ക് നൽകിയത് പ്രകാരമാണ് കേന്ദ്രമന്ത്രിയോട് ചോദിക്കാൻ പോയത്. ബാങ്കിലെ പണം കിട്ടുമെന്ന് സുരേഷ് ഗോപി പറഞ്ഞാൽ മതിയായിരുന്നു. ആ നല്ല വാക്ക് മന്ത്രിയിൽ നിന്ന് കിട്ടിയില്ല. വീടുകളിൽ പോയി പണിയെടുത്താണ് ജീവിക്കുന്നത്. തന്‍റെ ചെറുപ്പം മുതൽ സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടെന്നും സഹായം ചോദിച്ചാൽ ചെയ്യുമെന്നാണ് കരുതിയതെന്നും ആനന്ദവല്ലി പറഞ്ഞിരുന്നു.

Tags:    
News Summary - Thrissur native Anandavalli gets money from Karuvannur Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.