തൃശൂർ: കോൺഗ്രസിന് കരുത്താർന്ന പാരമ്പര്യമുള്ള തൃശൂർ ജില്ലയിലേക്ക് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷപദവിയെത്തുന്നത് അര നൂറ്റാണ്ടിന് ശേഷം. അഡ്വ. ഒ.ജെ. ജനീഷ്, വി.എം. സുധീരന് ശേഷം യൂത്ത് കോൺഗ്രസിനെ നയിക്കാൻ തൃശൂർ ജില്ലയിൽ നിന്ന് അവസരം ലഭിക്കുന്ന വ്യക്തിയാണ്. കെ.എസ്.യുവിലൂടെ സജീവമായ ജനീഷ് യൂത്ത് കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കവെയാണ് അധ്യക്ഷ പദവി തേടിയെത്തുന്നത്.
1975ലാണ് വി.എം. സുധീരൻ യൂത്ത് കോൺഗ്രസിനെ നയിക്കാൻ നിയോഗിക്കപ്പെട്ടത്. ഇതിന് 50 വർഷം തികഞ്ഞപ്പോഴാണ് തൃശൂർ മാള സ്വദേശിയായ ഒ.ജെ. ജനീഷ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മാസങ്ങളോളം അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുന്നത് വിവാദമായിരുന്നു.
കസ്റ്റഡി മർദനം, ശബരിമല അടക്കം വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് നിർജീവമാണെന്ന് ആക്ഷേപവുമുയർന്നിരുന്നു. പെരുമ്പാവൂർ പോളിടെക്നിക്കിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായിരുന്ന ജനീഷ്ഏ 2007ൽ കെ.എസ്.യു മാള നിയോജകമണ്ഡലം പ്രസിഡന്റായും 2012ൽ ജില്ല വൈസ് പ്രസിഡന്റുമായി. 2010 മുതൽ 2012 വരെ യൂത്ത് കോണ്ഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും 2020-23 കാലത്ത് തൃശൂർ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചു.
2023 മുതൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. പാലിയേക്കരയിലെ ടോൾ പിരിവിനെതിരായ സമരത്തിലടക്കം സജീവമായിരുന്നു. ടോൾ പിരിവ് നിർത്തിവെക്കുന്നതിലേക്ക് നയിച്ച കോടതി ഉത്തരവിലെ പരാതിക്കാരിലൊരാളും ജനീഷാണ്. തൃശൂർ ഗവ. ലോ കോളജിൽ നിന്നാണ് നിയമബിരുദം നേടിയത്. അഡ്വ. ശ്രീലക്ഷ്മിയാണ് ഭാര്യ. ജനീഷിന് തൃശൂർ ഡി.സി.സി സ്വീകരണം നൽകി. നേതാക്കളും പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.