തൃശൂർ: ബിസിനസിൽ ഉണ്ടായ നഷ്ടം പരിഹരിക്കാൻ പ്രതികൾ കണ്ടെത്തിയ മാർഗമായിരുന്നു എൻജിനീയറിങ് കോളജിലെ മോഷണം. പുതിയ കുട്ടികളുടെ പ്രവേശന സമയം കോളജിൽ പണമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലായിരുന്നു മോഷണം. സർവീസിലിരിക്കെ മാതാവ് മരിച്ചതിനെ തുടർന്നാണ് റിജോക്ക് എൻജിനീയറിങ്കോളജിൽ എൽ.ഡി ക്ലർക്കായി ജോലി ലഭിക്കുന്നത്. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു.
അറസ്റ്റിലായ ഇരട്ട സഹോദരങ്ങൾ സ്വന്തമായി ബാഗ് നിർമാണ യൂനിറ്റും, സ്റ്റേഷനറി കടകളും നടത്തുകയാണ്. രണ്ടുവർഷമായി ബിസിനസിൽ ഉണ്ടായ ഇടിവിനെ തുടർന്ന് വീടും മറ്റും പണയപ്പെടുത്തി ബാങ്കുകളിൽനിന്നും , സ്വകാര്യ പണമിടപാടുകാരിൽനിന്നും പണം കടം വാങ്ങിയിരുന്നു. ഒരു കോടിയോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നത്രേ. കടം വീട്ടാനും വീടിെൻറ ബാങ്ക് ജപ്തി ഒഴിവാക്കുന്നതിനും അറസ്റ്റിലായ സഹോദരങ്ങൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമായിരുന്നു മോഷണം.
മുമ്പ് പല ദിവസങ്ങളിലും പണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നതിനാൽ റിജോ പ്രിൻസിപ്പലിെൻറ മുറിയിലെ ഇരുമ്പ് സേഫിെൻറ താക്കോലുകൾ കൈകാര്യം ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് താക്കോലുകൾ സഹോദരനായ സിജോ ജോണിക്ക് കൈമാറി ഡ്യൂപ്ലിക്കറ്റ് താക്കോലുകൾ തയാറാക്കി. അതിനുശേഷം കോളജിെൻറ പ്ലാൻ വരച്ച് പണം സൂക്ഷിച്ച സേഫിെൻറ അടുത്തേക്ക് എത്താനുള്ള വഴികൾ സഹോദരൻ സിജോക്ക് കാണിച്ചു കൊടുത്തു.അതിനുശേഷം ആരുടേയും ശ്രദ്ധയിൽപെടാതെ പ്രിൻസിപ്പലിെൻറ മുറിയിൽ എത്താനുള്ള പരിശീലനം സിജോയും റിജോയും നടത്തി. പിന്നീടാണ് കോളജിൽ റഗുലർ ക്ലാസുകൾ ഇല്ലാത്ത പണം കൂടുതലായി സേഫിൽ ഉള്ള ദിവസം മോഷണം നടത്താൻ പദ്ധതിയിട്ടത്.
റിജോ പ്രവേശന ഡ്യൂട്ടിയിൽ ഒാഡിറ്റോറിയത്തിൽ നിൽക്കുന്ന സമയം പ്രിൻസിപ്പലിെൻറ മുറിയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി സി.സി ടിവി കാമറകളെ വിദഗ്ധമായി ഒഴിവാക്കി ഡ്യൂപ്ലിക്കറ്റ് താക്കോലുകൾ ഉപയോഗിച്ച് സേഫ് തുറന്ന് പണമെടുത്ത് രക്ഷപ്പെടുകയായിരുന്നു. കോളജിൽ നിരവധി ജീവനക്കാർ ഉള്ളതിനാലും, നിരവധി ജീവനക്കാർ പണം സംബന്ധിച്ച ജോലികളിൽ ഉള്ളതിനാലും ഇപ്പോൾ പണവുമായി ഒരു ബന്ധവുമില്ലാത്ത തന്നെ സംശയിക്കില്ലെന്ന് റിജോ കരുതിയിരുന്നു. അന്വേഷണത്തിെൻറ ഭാഗമായി ഇരുന്നൂറോളം മൊബൈൽ ഫോൺ നമ്പറുകൾ പൊലീസ് സിറ്റി സൈബർസെല്ലിെൻറ സഹായത്തോടെ പരിശോധിച്ചു. എൻജിനീയറിങ് കോളജിെൻറ പരിസരത്തുള്ള പത്തോളം സ്ഥാപനങ്ങളുടെയും വീടുകളുടെയും സി.സി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.