കൊച്ചിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി സിറ്റി ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി യുവതിയുൾപ്പെടെ മൂന്നു പേരെ പിടികൂടി. കാസർകോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയിൽ സമീർ വി.കെ (35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ, ഞാറക്കൽ, പെരുമ്പിള്ളി, ചേലാട്ടു വീട്ടിൽ, ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എം.ഡി.എം.എയും 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കാസർകോഡുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുന്നയാളാണ്. ഇതിന്‍റെ മറവിലാണ് ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും നേരിട്ട് കൊണ്ടു വരുന്ന ലഹരിമരുന്നുകൾ ഇയാൾ വിറ്റഴിക്കുന്നത്. ഒരുഗ്രാം എം.ഡി.എം.എക്ക്​ അയ്യായിരം മുതൽ ആറായിരം രൂപ വരെയും ഹാഷിഷ് ഓയിൽ മൂന്ന്​ മില്ലിഗ്രാമിന് ആയിരം മുതൽ രണ്ടായിരം രൂപ വരെയുമാണ് ഈടാക്കിയിരുന്നത്​. ഈ പ്രദേശത്ത് വലിയൊരു സൗഹൃദവലയം ഇയാൾക്ക് സഹായത്തിനായുണ്ട്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളും രക്ഷയ്ക്കായി കൂടെയുണ്ട്.

കൊച്ചിൻ പൊലീസ് കമ്മീഷണറേറ്റിന്‍റെ 'ലഹരി മുക്ത കൊച്ചി'ക്കായി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി 'യോദ്ധാവ്' എന്ന വാട്ട്സാപ്പ് സംവിധാനം കഴിഞ്ഞ വർഷമാണ് ആദ്യമയി കൊച്ചിയിൽ നടപ്പിലാക്കിയത്. ഈ സംവിധാനത്തി​ന്‍റെ പ്രത്യേകത രഹസ്യവിവരങ്ങൾ അയക്കുന്നയാളുടെ വിവരങ്ങൾ ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല എന്നതാണ്. ഇതുപോലുള്ള മയക്കുമരുന്ന് സംഘങ്ങളെ കണ്ടാൽ വീഡിയോ ആയോ, ചിത്രങ്ങളായോ, സന്ദേശങ്ങളായൊ അയക്കാവുന്നതാണ്. മയക്കുമരുന്ന് കള്ളക്കടത്തിനും, ദുരുപയോഗത്തിനും എതിരെ ഫലപ്രദമായ നടപടികളാണ് ഇൻസ്പെക്ടർ ജനറലും പൊലീസ് കമീഷണറുമായ നാഗരാജു. ഐ.പി.എസിന്‍റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്.

ജനുവരിയിൽ കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തൃക്കാക്കര ഭാഗത്ത് നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന 45 ഗ്രാം എം.ഡി.എംയുമായി വെണ്ണല, ചക്കരപറമ്പ് ഷിഹാബിനെയും മലപ്പുറം കോട്ടക്കൽ ജുനൈദിനെയും, എളമക്കര ഭാഗത്തു നിന്നും മലപ്പുറം പൊന്നാനി സ്വദേശികളായ അജ്മൽ, അനസ് എന്നിവരെ 10 ഗ്രാം എം.ഡി.എം.എ യുമായും, കളമശ്ശേരിയിൽ അരക്കിലോ ഗ്രാം ഗഞ്ചാവുമായി അങ്കമാലി മാർട്ടിനെയും അടക്കം അഞ്ചു പേരെ പിടികൂടി റിമാൻ്റ് ചെയ്ത് തുടർന്ന് അന്വേഷണം നടത്തി വരുന്നു.

യോദ്ധാവി'ൽ കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ ഒരു മാസമായി നടത്തിയ 'രഹസ്യാന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും, ഇല്ലായ്മ ചെയ്യുന്നതിനുമായി 100ഓളം പൊലീസ് ഉദ്യോഗസ്ഥരെയും കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമീഷണർ ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് അസിസ്റ്റന്‍റ് കമീഷണർ ബിജി ജോർജ്, സെൻട്രൽ ഇൻസ്പെക്ടർ വിജയ് ശങ്കർ, ഡാൻസാഫ് എസ്​.ഐ ജോസഫ് സാജൻ, സെൻട്രൽ എസ്​.ഐ കെ.എക്​സ്​ തോമസ്, വി. വിദ്യ, എസ്​.പി. ആനി, എ.എസ്​.ഐ മണി, എസ്​.സി.പി.ഒ മനോജ് എന്നിവരും ഡാൻസാഫിലെയും, എസ്.ഒ.ജി യിലേയും പോലീസുകാരും ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കമീഷണർ അറിയിച്ചു. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന്, ഗഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായി വിവരം ലഭിച്ചാൽ യോദ്ധാവ് വാട്ട്സാപ്പ് 9995966666 എന്ന നമ്പറിലോ, ഡാൻസാഫിന്‍റെ 9497980430 എന്ന നമ്പറിലോ അയക്കണമെന്നുംഅറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമീഷണർ അറിയിച്ചു.

Tags:    
News Summary - Three persons, including a woman, arrested in Kochi with lakhs of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.