മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ, മുന്നണികൾ തമ്മിലുള്ള പോര് കനത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് എൽ.ഡി.എഫ് പ്രചാരണം നയിക്കുമ്പോൾ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫും പഴുതടച്ച് നീങ്ങുകയാണ്.
തുടക്കത്തിൽ വലിയ സാന്നിധ്യമാകാതിരുന്ന സ്വതന്ത്രസ്ഥാനാർഥി പി.വി. അൻവർ, അവസാന ലാപ്പിൽ ചെറിയതോതിൽ സൃഷ്ടിക്കുന്ന ഇളക്കം ഇടത്-വലത് കേന്ദ്രങ്ങളിൽ ചർച്ചയാണ്. ക്രൈസ്തവ, പട്ടികജാതി വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നീക്കവും മുന്നണികൾ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും രണ്ടു ദിവസമായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ പഞ്ചായത്ത് റാലികൾ ഇടതുകേന്ദ്രങ്ങളിൽ ആവേശം നിറച്ചിട്ടുണ്ട്.
ബൂത്ത് തലങ്ങളിൽ, പരമാവധി കുടുംബയോഗങ്ങൾ സംഘടിപ്പിച്ച് മുന്നണിക്ക് പുറത്തുനിന്നുള്ള വോട്ടുകൾ ആകർഷിക്കാനാണ് എൽ.ഡി.എഫ് ശ്രമം. രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സർക്കാറിന്റെ വികസനനേട്ടങ്ങളിൽ ഊന്നിയാണ് മുഖ്യമായും പ്രചാരണം. അൻവർ വിട്ടൊഴിഞ്ഞ മണ്ഡലം നിലനിർത്തണമെന്ന വാശിയിലാണ് സി.പി.എം. മുഖ്യമന്ത്രിയുടെ മൂന്നു റാലികൾ ഞായറാഴ്ചയുമുണ്ട്.
മുമ്പെങ്ങുമില്ലാത്ത ഐക്യത്തിൽ, ബൂത്തുതലത്തിൽ ആഴത്തിലിറങ്ങിയാണ് യു.ഡി.എഫ് പ്രചാരണം. ലീഗും കോൺഗ്രസും കൈകോർത്ത് ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. എം.എൽ.എമാർക്കും എം.പിമാർക്കുമാണ് പഞ്ചായത്ത്തല ചുമതല. വിജയം അഭിമാനപ്രശ്നമായി കാണുന്ന മുസ്ലിംലീഗും ഗോദയിൽ ജാഗ്രതയോടെയുണ്ട്. പ്രാദേശിക പ്രശ്നങ്ങൾ നേതാക്കൾ ഇടപെട്ട് തീർത്ത് കുറ്റമറ്റ രീതിയിലാണ് ബൂത്തുതല പ്രവർത്തനം. ഞായറാഴ്ച പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയോടെ പ്രചാരണത്തിൽ വ്യക്തമായ മേൽക്കൈ കിട്ടുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. മുന്നണി സംവിധാനങ്ങൾക്ക് പിടികൊടുക്കാതെ, നിശ്ശബ്ദമായാണ് പി.വി. അൻവറിന്റെ പ്രചാരണം.
സ്വാധീനിക്കാൻ കഴിയുന്ന കുടുംബങ്ങളിലും മുൻ എം.എൽ.എ എന്ന നിലയിലുള്ള ബന്ധങ്ങളിലുമാണ് പ്രതീക്ഷ. വോട്ടുകൾ അൻവറിലേക്ക് ചോരാതിരിക്കാനുള്ള ജാഗ്രത ഇരുപക്ഷത്തുമുണ്ട്. മുൻ ക്രിക്കറ്റ് താരവും ബംഗാളിലെ തൃണമൂൽ എം.പിയുമായ യൂസുഫ് പത്താൻ, ഞായറാഴ്ച അൻവറിന്റെ റോഡ്ഷോയിൽ സാന്നിധ്യമാകും. ക്രൈസ്തവ സമുദായത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് അവസാന ലാപ്പിൽ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.