'എതിരില്ലാതെ പണിയുന്ന ചുവന്ന നരകങ്ങൾ' അഥവാ 'ഏകാധിപത്യ കാമ്പസ്‌ ഗ്വാണ്ടനോമകൾ' -വൈറലായി കുറിപ്പ്​

കേരളത്തിലെ വിവിധ കാമ്പസുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച്​ വിദ്യാർഥി രാഷ്​ട്രീയ നേതാവ്​ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്​ വൈറലായി.'എതിരില്ലാതെ പണിയുന്ന ചുവന്ന നരകങ്ങൾ' അഥവാ 'ഏകാധിപത്യ കാമ്പസ്‌ ഗ്വാണ്ടനോമകൾ' എന്ന തലക്കെട്ടിലാണ്​ ഫ്ര​േട്ടണിറ്റി സംസ്​ഥാന ജനറൽ സെക്രട്ടറി കെ.കെ.അഷ്​റഫ്​ കുറിപ്പ്​ പങ്കുവച്ചിരിക്കുന്നത്​.


തലശ്ശേരി ഗവ: കോളേജ്​, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്​, കണ്ണൂർ ഗവ: എൻജിനീയറിങ് കോളേജ്​ തുടങ്ങിയ സ്​ഥലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ തിരിമറിയും ഭീഷണിയും നടന്നതായി അഷ്​റഫ്​ ആരോപിക്കുന്നു. ഫേസ്​ബുക്കിൽ പങ്കുവച്ച്​ കുറിപ്പി​െൻറ പൂർണരൂപം താഴെ.

'എതിരില്ലാതെ പണിയുന്ന ചുവന്ന നരകങ്ങൾ' അഥവാ 'ഏകാധിപത്യ കാമ്പസ്‌ ഗ്വാണ്ടനോമകൾ'

സീൻ 1:

ഇന്നലെ തലശ്ശേരി ഗവ: കോളേജിൽ, കണ്ണൂർ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും കാമ്പസിലെ ഫ്രറ്റേണിറ്റി പ്രവർത്തകയുമായ ഫാത്തിമ എസ്.ബി.എൻ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകുകയുണ്ടായി.

സംഭവം അറിഞ്ഞ കുട്ടി സഖാക്കൾ ആകെ വിയർത്തു.ആ കാമ്പസിൽ എസ്.എഫ്.ഐക്ക് എതിരെയുള്ള ഒരേ ഒരു നോമിനേഷനാണ് ഫാത്തിമയുടേത്. എ.എൻ.ഷംസീർ എം.എൽ.എയുടെ നാടായ ചൊക്ലിയിൽ എസ്.എഫ്.ഐക്ക് എതിരുണ്ടായാൽ, അത് ജില്ലാ കമ്മറ്റിയിൽ തങ്ങൾക്ക് ക്ഷീണമാവുമെന്നാണ് ജനാധിപത്യത്തിന്റെ ഹോൾസെയിൽ ഡീലർമാരുടെ വാദം. ആളുകളെ തല്ലിയൊതുക്കിയും ഭീഷണിപ്പെടുത്തിയും സ്ഥാപിക്കുന്ന ഏകാധിപത്യ കോട്ടകൾക്ക് ഈ നോമിനേഷൻ വെല്ലുവിളിയാണെന്ന് മനസിലാക്കിയ എസ്.എഫ്‌.ഐ. അവർക്ക് അറിയാവുന്ന സകലമാന ഊള വേലകളുമായി രംഗത്ത് എത്തി.

ആദ്യം ഫാത്തിമയെ ഇലക്ഷൻ നോമിനേഷനിൽ പ്രൊപോസ് ചെയ്ത വിദ്യാർത്ഥിനിയെ വീട്ടിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും കോഴിക്കോട് ജില്ലയിലെ സി.പി.എം.ഏരിയ കമ്മറ്റി അംഗത്തെ കൊണ്ട് വീട്ടുകാരെ വിരട്ടുകയും ചെയ്തു. എന്നാൽ ഭീഷണിക്ക് വഴങ്ങാതെ പ്രൊപോസ് ചെയ്ത വിദ്യാർത്ഥിനി ധീരമായ നിലപാട് സ്വീകരിച്ചപ്പോൾ ആകെ വിരണ്ട കുട്ടി സഖാക്കൾ, പിന്നീട് നടന്ന സൂക്ഷ്മ പരിശോധനയിൽ ലിംങ്ദോ കമ്മീഷൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി കാമ്പസ്‌ തെരെഞ്ഞടുപ്പ് മാനദണ്ഡങ്ങൾ എന്നിവയെയെല്ലാം നോക്കു കുത്തിയാക്കി, നിയമ വിരുദ്ധമായി നോമിഷൻ തള്ളിപ്പിക്കാൻ ശ്രമം തുടങ്ങി. ഇലക്ഷനിൽ മത്സരിക്കുന്ന പോസ്റ്റിന്റെ പേര് എഴുതിയത് ക്യാപിറ്റൽ ലെറ്ററിലാണെന്ന വിചിത്രമായ കാരണം ചൂണ്ടി കാണിച്ചാണ് എസ്.എഫ്.ഐക്കാർ ബഹളം ഉണ്ടാക്കിയത്.


നോമിനേഷൻ തള്ളാൻ അങ്ങിനെ ഒരു ക്ലോസ് ഇലക്ഷൻ ചട്ടങ്ങളിൽ ഇല്ലായെന്ന് ചൂണ്ടിക്കാണിച്ച്, റിട്ടേണിംഗ് ഓഫിസർ ആദ്യം ഫാത്തിമയെ പിന്തുണച്ച് സംസാരിച്ചു. പിന്നെ പിന്നെ ഭീഷണി കനത്തു, സി.പി.എം നേതൃത്വത്തിന്റെ വിളികൾ എത്തി തുടങ്ങി, കോളേജ് സ്ഥിതി ചെയ്യുന്ന തലശ്ശേരി ചൊക്ലിയിലെ കാമ്പസിന് പുറത്ത് നിന്നുള്ള എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം. നേതാക്കൾ കാമ്പസിൽ എത്തി ഭീഷണി തുടർന്നു. നോമിഷൻ തള്ളാൻ തയ്യാറാവാത്ത റിട്ടേണിംഗ് ഓഫീസറെ രാത്രി 7 മണിവരെ എസ്.എഫ്.ഐ കോളേജിൽ തടഞ്ഞുവെച്ചു. സമ്മർദ്ദത്തിനൊടുവിൽ, എസ്.എഫ്.ഐ ഭീഷണിക്ക് മുന്നിൽ, അവസാനം റിട്ടേണിംഗ് ഓഫീസർ മലക്കം മറിഞ്ഞ് ജനാധിപത്യ കശാപ്പിന് വഴങ്ങുകയും ഫാത്തിമയുടെ നോമിഷൻ തള്ളുകയും ചെയ്തു.(അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഇലക്ഷൻ നിയമങ്ങളുടെ പരസ്യമായ അട്ടിമറിയും നടന്ന ഈ സംഭവത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നിയമ പോരാട്ടവുമായി മുന്നോട്ട് പോവും)


സീൻ 2:

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ, കേരള യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിഷൻ നൽകാൻ തീരുമാനിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തക നുഹക്ക് പ്രൊപോസറും സെക്കൻഡറുമാവാൻ സാധ്യതയുള്ള വിദ്യാർത്ഥികളുടെയെല്ലാം ഐ.ഡി.കാർഡുകൾ ബലം പ്രയോഗിച്ച് എസ്.എഫ്.ഐ ഗുണ്ടകൾ ആദ്യമേ വാങ്ങി കൊണ്ടുപോയി. ഈ പ്രതിസന്ധിയെയും മറികടന്ന് മറ്റ് രണ്ട് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നോമിനേഷൻ പേപ്പർ പൂരിപ്പിച്ച് റിട്ടേണിംഗ് ഓഫിസർക്ക് സമർപ്പിച്ചു. നേരെത്തെ നോമിഷൻ പേപ്പറിലെ ഓരോ ഭാഗവും റിട്ടേണിംഗ് ഓഫിസറോട് തന്നെ വ്യക്തത വരുത്തിയാണ് പൂരിപ്പിച്ചത്. എന്നാൽ സൂക്ഷ്മ പരിശോധന വേളയിൽ വിചിത്രവാദവുമായി എസ്.എഫ്.ഐ രംഗത്തെത്തി. നോമിനേഷൻ പേപ്പറിൽ ക്ലാസ് എഴുതാൻ പറഞ്ഞ സ്ഥലത്ത് അതിന്റെ കൂടെ അഡ്‌മിഷൻ നമ്പർ കൂടി എഴുതണമത്രേ.

(അതിനൊപ്പമുള്ള അഫിഡവിറ്റിൽ അഡ്‌മിഷൻ നമ്പർ നിലവിൽ ഉണ്ട് താനും) ആദ്യം നുഹക്ക്‌ ഒപ്പം നിന്ന റിട്ടേണിംഗ് ഓഫിസർ, പിന്നെ മറുകണ്ടം ചാടി നോമിഷൻ തള്ളി . ലിങ്ദോ കമ്മീഷൻ നിബന്ധനകളും കേരള യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് മാന്വലിലെ ശുപാർശകളും അങ്ങിനെ സമാധിയായി. ഗ്രീവൻസ് സെല്ലിൽ പരാതി കൊടുക്കാൻ വേണ്ടി റിജെക്ഷൻ ഓർഡർ ചോദിച്ചപ്പോൾ അത് രഹസ്യ രേഖയാണെന്നും തരാൻ ഒക്കില്ലയെന്നുമുള്ള അഴകുഴമ്പൻ മറുപടിയാണ് ആ മാന്യദേഹം 'റിട്ടേണിംഗ് ഓഫിസർ' നൽകിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഗ്രീവൻസ് സെല്ല് അന്വേഷിച്ചപ്പോൾ അങ്ങിനെ ഒന്ന് അവിടെ ഇല്ല എന്ന മറുപടിയാണ് കിട്ടിയത്.

സീൻ 3:

ഇക്കഴിഞ്ഞ കെ.ടി.യു തെരെഞ്ഞടുപ്പിൽ, കണ്ണൂർ ഗവ: എൻജിനീയറിങ് കോളേജിൽ നോമിനേഷൻ നൽകാനെത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകനും കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ അബ്ദുറഹ്മാനെ ക്രൂരമായി മർദ്ദിക്കുകയും നോമിനേഷൻ പേപ്പർ കീറി കളഞ്ഞ്, നോമിനേഷൻ സമയം കഴിയും വരെ ബന്ധിയാക്കുകയും ചെയ്തു. അവസാനം വൈകുന്നേരം എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി പോസ്റ്റർ ഇറക്കി; 'എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ട എസ്.എഫ്‌.ഐ യൂണിയന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ'.

സീൻ 4:

എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ഒക്ടോബറിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിൽ യൂണിവേഴ്‌സിറ്റി കാമ്പസിൽ സംഘർഷമുണ്ടായി.എ.ഐ.എസ്.എഫ് വനിതാ നേതാക്കൾ അടക്കമുള്ള സംസ്ഥാന നേതാക്കൾക്ക് പരിക്കേറ്റു. സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് എ.ഐ.എസ്.എഫ് നേതാക്കൾ അന്ന് പറയുകയുണ്ടായി. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചതാണ്. സെനറ്റിലേക്കും എതിരില്ലാതെ ജയിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് എ.ഐ.എസ്.എഫ് മത്സരരംഗത്തേക്ക് വന്നതെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ് പറയുന്നത് .


സാക്ഷാൽ എൽ.ഡി.എഫിലെ ഘടക കക്ഷിയുടെ വിദ്യാർത്ഥി സംഘടനയാണ് എ ഐ എസ് എഫ്. എന്ന് പ്രത്യേകം ഓർക്കണം. എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് കെ.എസ്.യു മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഏകപക്ഷീയമായി വിജയം പ്രതീക്ഷിച്ചിടത്താണ് എ.ഐ.എസ്.എഫ് വരുന്നത്. മേൽ സൂചിപ്പിച്ച നാല് സംഭവങ്ങളും, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം നടന്ന ജനാധിപത്യ കശാപ്പുകളാണ്. തല്ലിയൊതുക്കിയും ഭീഷണിപ്പെടുത്തിയും ഇലക്ഷൻ നിയമങ്ങൾ അട്ടിമറിച്ചും കെട്ടി പൊക്കിയതാണ് കേരളത്തിലെ എസ്.എഫ്.ഐയുടെ ഓരോ 'എതിരില്ലാത്ത ചെങ്കോട്ടകളുമെന്ന' കാര്യം അത്തരം കാമ്പസുകളിൽ പഠിച്ച എസ്.എഫ്.ഐ.ഇതര വിദ്യാർത്ഥികളുടെ കാമ്പസ്‌ അനുഭവങ്ങളാണ്.

ഞങ്ങളെ എച്ച്. അപ്പ്. ഐ. ഇങ്ങനെ അല്ല, ഞങ്ങൾ ആരെയും കൊന്നിട്ടില്ല, അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന എസ്.എഫ്.ഐ തുടങ്ങിയ ക്യാപ്സ്യൂളുകൾ അശ്ലീലമാണ് സഖാക്കളെ. ഉളുപ്പ്, നാണം എന്നിവ ഉണ്ടോ എന്ന ചോദ്യം പോലും നിങ്ങളുടെ വിഷയത്തിൽ അപ്രസക്തമാണ്.

കൊടിയിൽ ട്രോളുകൾ എഴുതി വെച്ച് തെമ്മാടിത്തം (hooliganism) അഴിച്ചു വിടുന്ന ഒരു അക്രമി സംഘം എന്നതിൽ കവിഞ്ഞ ഡെക്കറേഷൻ ഒന്നും എസ്.എഫ്.ഐ അർഹിക്കുന്നില്ല.

മഹാരാജാസും മടപ്പള്ളി ഗവ: കോളേജും ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ ജനാധിപത്യവത്കരിച്ച പ്രസ്ഥാനമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ്. കേരളത്തിലെ 'ഏകാധിപത്യ കാമ്പസ്‌ ഗ്വാണ്ടനോമകളെ' തകർത്തെറിയുന്ന, നവ ജനാധിപത്യ പോരാട്ടങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായി തന്നെ മുന്നോട്ട് പോവും...എസ്.എഫ്.ഐ തെമ്മാടിത്തത്തിനെതിരെ പ്രതിഷേധിക്കുക... !

Tags:    
News Summary - Threats and abuses: SFI’s punishments againest Political opponents-viral post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.