കൊച്ചി: മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. എളമക്കര പൊലീസ് സ്റ്റേഷനിലെ മുജീബ് റഹ്മാനാണ് പിടിയിലായത്. കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽപ്പോയ മുജീബ് തിങ്കളാഴ്ച രാവിലെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വനിത ഡോക്ടറോട് ലൈംഗിക ചുവയോടെ സംസാരിച്ച കേസിലും പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ആഗസ്റ്റിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായ കേസ് അന്വേഷിച്ചത് മുജീബ് റഹ്മാനായിരുന്നു. പ്രതിയുടെ ഫോൺ കോൾ ലിസ്റ്റിൽ പേരുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പരാതിക്കാരനായ ഡോക്ടറെ സമീപിച്ചത്. നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ട പ്രതി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
കുറെ നാളുകളായി തന്നെ ഭീഷണിപ്പെടുത്തുന്നതായി കൊല്ലം സ്വദേശിനിയായ വനിത ഡോക്ടറും മുജീബ് റഹ്മാനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുജീബിനെ എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് വീണ്ടും പുതിയ കേസിൽപെടുന്നത്. ഈ കേസിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ മുജീബ് ഒളിവിൽപ്പോയി.
വ്യാപക തിരച്ചിലിനിടെ നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. താൻ പണം വാങ്ങിയിട്ടില്ലെന്നും ഡോക്ടറോട് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് മുജീബ് മൊഴി നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.