ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തിൽ ജാതി സമവാക്യങ്ങൾക്കല്ല, യോഗ്യതയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പാർട്ടിയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതി സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ മുൻകാലങ്ങളിൽ നടത്തിയ തീരുമാനങ്ങളൊന്നും പാർട്ടിക്ക് ഗുണകരമായിട്ടില്ല. അതിനാൽ, പാരമ്പര്യവും വ്യക്തമായ നിലപാടുകളുമുള്ള, പാർട്ടിയെ നയിക്കാൻ കെൽപ്പുള്ള വ്യക്തിയെ വേണം അധ്യക്ഷനായി തെരഞ്ഞെടുക്കാൻ. കേരളത്തിലെ 14 ജില്ലകളിലെയും കോൺഗ്രസ് പ്രവർത്തകരെ നേരിട്ടറിയുന്ന, താഴെത്തട്ടു വരെ സഞ്ചരിച്ച് പ്രവർത്തകരുടെ പേരുചൊല്ലി വിളിക്കാൻ കഴിയുന്ന ഒരാൾ അധ്യക്ഷനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് ഇരട്ടപ്പദവി ഒരു തർക്കവിഷയമേയല്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് പി.സി.സി അധ്യക്ഷൻ എം.പിയാണെന്നും, കർണാടകയിൽ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായിരിക്കെ പി.സി.സി അധ്യക്ഷനായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യോഗ്യരായ പലരെയും ഒഴിവാക്കാനാണ് ചിലർ ഇരട്ടപ്പദവി എന്ന വിഷയം ഉയർത്തിക്കാട്ടുന്നത്.
കെ.പി.സി.സിയിൽ അടിയന്തരമായ ഒരു പുനഃസംഘടന അനിവാര്യമാണെന്നും, പാർലമെന്റ് സമ്മേളനത്തിനായി നേതാക്കൾ ഡൽഹിയിൽ ഒത്തുചേരുമ്പോൾ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്കോ ജാതി സമവാക്യങ്ങൾക്കോ വഴങ്ങിയുള്ള പുനഃസംഘടന പാർട്ടിയുടെ ഭാവിക്ക് ദോഷകരമായി മാറുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.