ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണ മേഖലക്കടുത്ത് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പൂർണ ഉത്തരവാദിത്തം നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്ക് ആണെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകിയതാണെന്നും മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്താണ് മണ്ണ് കൂട്ടിയിട്ടിരുന്നത്. ഇത് മാറ്റണമെന്ന് രണ്ട് തവണ നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചതുമാണ്. അപകട സാധ്യത ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.
അതേസമയം, പി.ഡബ്ല്യു.ഡിയെ നോക്കുകുത്തിയാക്കിയാണ് തുരങ്കപാത നിർമാണ കരാർ നൽകിയതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ എല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവേക്ക് ആണ്.
നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എൻജിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ പി.ഡബ്ല്യു.ഡിയെ കൂടുതൽ കുറ്റം പറയരുത്. പി.ഡബ്ല്യു.ഡി ഇതിന്റെ ഭാഗമല്ല. നാട്ടിലെ വിഷയമായത് കൊണ്ട് പി.ഡബ്ല്യു.ഡിയിലെ ഉദ്യോഗസ്ഥരെ അയച്ചതാണ്. എല്ലാ അനുമതിയും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും വയനാടിന്റെ അവസ്ഥ ശരിക്കും അറിയുന്ന മന്ത്രിയാണ് താനെന്നും ബഷീർ കൂട്ടിച്ചേർത്തു.
നേരത്തെ ജോലി നിർത്തിവെപ്പിച്ചതടക്കം മുൻകൂട്ടി എടുത്ത നടപടികൾ നിർണായകം ആയെന്നും പലതവണ അവിടുത്തെ സാഹചര്യം യോഗം ചേർന്ന് വേണ്ട നിർദേശങ്ങൾ നൽകിയതാണെന്നും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ലയും വ്യക്തമാക്കി.
വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട്-കള്ളാടി തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു.
തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നാണ് കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് മന്ത്രി ടി. സിദ്ദീഖും അഭിപ്രായപ്പെട്ടിരുന്നു. ഇത് പ്രകൃതിദുരന്തമല്ല. മനുഷ്യനിർമിത ദുരന്തമാണ്. ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമായി ബന്ധപ്പെട്ട അപകടമാണ് അവിടെ ഉണ്ടായതെന്നും സിദ്ധീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.