ഡോ. എം.വി. രാജേഷ്, വി.എ. അരുൺകുമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റ്) ഡയറക്ടർ ഇൻ ചാർജ് പദവിയിൽ നിന്ന് മാറ്റി. പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി കോളജ് പ്രിൻസിപ്പലായ ഡോ. എംവി. രാജേഷാണ് പുതിയ ഡയറക്ടർ. അഡീഷണൽ ഡയറക്റായി അരുൺകുമാർ തുടരും.
ഏകദേശം മൂന്ന് വർഷം മുമ്പാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ താൽക്കാലിക ചുമതല (ഡയറക്ടർ ഇൻ ചാർജ്) നൽകിയത്. അരുൺകുമാറിന്റെ ഈ പദവിയിലേക്കുള്ള നിയമനം ചോദ്യം ചെയ്ത് ഹൈകോടതിയുടെ മുന്നിൽ നിരവധി പരാതികൾ എത്തിയിരുന്നു.
ഇതോടെ, ഹൈകോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമായിരുന്നു കോടതി നിർദേശം.
ഐ.എച്ച്.ആർ.ഡി ഡയറക്ടർ പദവി സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി, അരുൺകുമാറിന് ഈ പദവിയിലെത്താൻ യു.ജി.സി മാനദണ്ഡപ്രകാരം ആവശ്യമായ അധ്യാപന പരിചയമുണ്ടോ എന്ന് പരിശോധിക്കാനും നിർദേശിച്ചു. ഏഴു വർഷത്തെ അധ്യാപന പരിചയമാണ് 2018ലെ യു.ജി.സി മാനദണ്ഡപ്രകാരം ഡയറക്ടറാകാനുള്ള യോഗ്യത. ക്ലറിക്കല്‍ പദവിയിലിരുന്ന അരുൺകുമാറിന് ഈ പദവി നൽകിയത് വിചിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
1997-ൽ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്താണ് അസിസ്റ്റന്റ് ഡയറക്ടറായാണ് അരുൺകുമാർ ഐ.എച്ച്.ആർ.ഡിയിൽ എത്തുന്നത്. സ്ഥിരം ഡയറക്ടർ ഇല്ലാതായ ശേഷം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അരുൺ കുമാറാണ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. എൽ.ഡി.എഫ് സർക്കാറും അരുൺകുമാറിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു.
ഐ.എച്ച്.ആർ.ഡിയുടെ തലപ്പത്തുണ്ടായ അഴിച്ചുപണി ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായാണെന്ന സൂചനയാണ് പുറത്തുവരുന്നത്. യു.ഡി.എഫ് സർക്കാർ അരുൺകുമാറിനെ മാറ്റി, പൂർവ വിദ്യാർഥി കൂടിയായി എം.വി. രാജേഷിനെ ഡയറക്ടറായി നിയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.