സ്വർണക്കടത്ത് സംഘത്തിന്റെ ഭീഷണി: യുവാക്കളുടെ വീടിന് പൊലീസ് കാവൽ, പൊലീസിനെ വെട്ടിച്ച് ഒരാൾ കടന്നു

വടകര: സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഭീഷണി കാരണം രണ്ടു യുവാക്കളുടെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. എന്നാൽ, പൊലീസ് കാവലിനിടെ ഒരാൾ മുങ്ങി. ചോറോട് മുട്ടുങ്ങലില്‍ ചെട്ട്യാര്‍കണ്ടി ജസീലിനും (26) വടകര പതിയാരക്കര സ്വദേശി മീത്തലെ പുതിയോട്ടിൽ ഇസ്മായിലിനുമാണ് (32) വടകര പൊലീസ് സുരക്ഷയൊരുക്കിയത്. പൊലീസ് കാവൽ നിൽക്കുന്നതിനിടെ ഇസ്മായിൽ വീട്ടിൽനിന്ന് കടന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഈ മാസം 11നു വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ജസീല്‍ നാല് ക്യാപ്‌സൂളുകളായി സ്വര്‍ണം കടത്തിയിരുന്നു. എന്നാൽ, ഇത് ഉടമസ്ഥര്‍ക്ക് നല്‍കാതെ ഒളിവില്‍ പോയി. ഇതേത്തുടർന്ന് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ജസീലിനെ അന്വേഷിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതിനിടയിലാണ് 12ന് രാത്രി ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തിൽനിന്ന് ബംഗളൂരു വഴി ഡൽഹിയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 500 ഗ്രാം സ്വര്‍ണവുമായി സി.ഐ.എസ്.എഫിന്റെ പിടിയിലായത്. സി.ഐ.എസ്.എഫ് കസ്റ്റംസിന് കൈമാറി. ജാമ്യത്തിലിറങ്ങിയ ജസീൽ സ്വര്‍ണക്കടത്ത് സംഘങ്ങളില്‍നിന്ന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് ജസീലിനെ വടകര പൊലീസിന് കൈമാറുകയും വീട്ടിലെത്തിക്കുകയും ചെയ്തു. വീടിന് സംരക്ഷണവും ഏര്‍പ്പെടുത്തി. ജസീലിന്റെ സുഹൃത്ത് ഇസ്മായിലിനും പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കിയെങ്കിലും വീടിനുമുന്നിൽ പൊലീസ് കാവൽ നിൽക്കുന്നതിനിടെ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നു. ജസീലിന് രണ്ട് ക്യാപ്സ്യൂൾ സ്വർണം വില്‍പന നടത്താനും മറ്റും ഇസ്മായില്‍ സഹായം ചെയ്തതായാണ് പൊലീസ് പറയുന്നത്. നാല് കിലോ കഞ്ചാവുമായി മുത്തങ്ങ ചെക്ക്പോസ്റ്റിൽ ഇസ്മായിൽ നേരത്തെ എക്സൈസിന്റെ പിടിയിലായിരുന്നു.

Tags:    
News Summary - Threat of gold smuggling gang: Police guarding the youth's house, a person bypassed the police and entered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.