കൂട്ടക്കൊലക്ക് പിന്നിൽ പഴുതടച്ച ആസൂത്രണം

തൊടുപുഴ: മകനെയും കുടുംബത്തെയും ഹമീദ് തീ കൊളുത്തി കൊലപ്പെടുത്തിയത് കൃത്യവും വ്യക്തവുമായ ആസൂത്രണത്തോടെ. വീട്ടിൽ പതിവായ പ്രശ്നങ്ങൾക്കിടെ എല്ലാവരെയും ഇല്ലാതാക്കുമെന്ന് ഹമീദ് ആവര്‍ത്തിച്ച് പറയാറുണ്ടായിരുന്നു.

ഫെബ്രുവരി 25ന് ഫൈസല്‍ കരിമണ്ണൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയ കാര്യം പറഞ്ഞിരുന്നു. ഇതില്‍നിന്ന് നാളുകള്‍ നീണ്ട ആലോചന ഹമീദ് നടത്തിയിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം.

ജയിലിൽ പോയാൽ ആഴ്ചയിൽ മട്ടൻ കിട്ടും. പക്ഷേ, വീട്ടിൽ കിട്ടുന്നില്ലെന്ന് ഹമീദ് സമീപ വാസികളോട് പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ 20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസിക്കുകയായിരുന്ന ഹമീദ് മൂന്നുവർഷം മുമ്പാണ് നാട്ടിലെത്തിയത്. ആദ്യഭാര്യ രണ്ടുവർഷം മുമ്പാണ് മരിച്ചത്. മകന്‍റെ പക്കൽ നിന്ന് സ്വത്ത് തിരികെ ലഭിക്കണമെന്നും ജീവിതച്ചെലവിന് പണം വേണമെന്നും ആവശ്യപ്പെട്ട് ഹമീദ് കേസ് നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍തന്നെ പ്രതി കൊലപാതകങ്ങൾക്കുള്ള ഒരുക്കം നടത്തിയിരുനു.

പെട്രോർ നിറച്ച കുപ്പികൾ തയാറാക്കി മറ്റാരും കാണാതെ രഹസ്യമായി സൂക്ഷിച്ചു. രാത്രി 11നുശേഷം ഫൈസലും കുടുംബവും ഉറങ്ങാന്‍ കിടക്കും വരെ കാത്തിരുന്നു. 12.30ഓടെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം ഹമീദ് മുറി പുറത്തുനിന്ന് പൂട്ടി. തുടര്‍ന്ന്, പ്രധാന വാതിലും അടച്ച ശേഷമാണ് മുറ്റത്തേക്കിറങ്ങിയത്. ആദ്യം തന്നെ പൈപ്പ് തുറന്നുവിട്ട് ടാങ്കിലെ വെള്ളം വറ്റിച്ചു. പിന്നീട് കിണറ്റില്‍നിന്നും വെള്ളം അടിക്കാതിരിക്കാന്‍ മോട്ടറിന്‍റെ വയറുകളും ഇവിടെനിന്നുള്ള പൈപ്പും മുറിച്ചുകളഞ്ഞു. തുടര്‍ന്ന്, ഫൈസലും മറ്റുള്ളവരും കിടന്ന മുറിയിലേക്ക് മുറ്റത്തുനിന്ന് തുറന്നുകിടന്ന ജനല്‍ വഴി രണ്ട് പെട്രോള്‍ കുപ്പികള്‍ എറിഞ്ഞശേഷം തീ കൊളുത്തുകയായിരുന്നു. അകത്ത് തീ ആളിക്കത്തുന്നതുകണ്ട് ഹമീദ് സമീപത്ത് മറഞ്ഞ് നിന്നു. അയൽവാസിയായ രാഹുൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുമ്പോഴും വീടിന്‍റെ പിന്‍ഭാഗത്ത് മറഞ്ഞുനിന്നിരുന്ന ഹമീദ് ഓടിയെത്തി മുന്‍വാതിലിലൂടെ അകത്തുകയറി രാഹുലിനെ തള്ളിമാറ്റി ആളുന്ന തീയിലേക്ക് രണ്ടുകുപ്പി പെട്രോള്‍ കൂടി എറിഞ്ഞു. മരണം ഉറപ്പുവരുത്താനുള്ള വ്യഗ്രതയായിരുന്നു ഈ നീക്കത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പിന്നീട് സ്റ്റേഷനിൽവെച്ച് സംഭവങ്ങൾ വിവരിക്കുമ്പോഴും പ്രതി നിർവികാരമായാണ് പെരുമാറിയത്. തനിക്ക് കൃത്യമായി ഭക്ഷണം നൽകുന്നില്ലെന്നും ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ നാലുപേരും കൊല്ലപ്പെട്ട വിവരം അറിയിച്ചനിമിഷം ഹമീദ് കരഞ്ഞതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Thodupuzha murder case planing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.