കണ്ണൂർ: കേരളം പാർട്ടി കോൺഗ്രസിന് ആതിഥ്യമരുളുന്നത് ഇത് അഞ്ചാം തവണ. ആദ്യം പാലക്കാടും പിന്നീട് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുമാണ് സംസ്ഥാനത്ത് പാർട്ടി കോൺഗ്രസിന് വേദിയായത്. പാർട്ടിക്ക് ഏറ്റവും കൂടുതൽ കരുത്തുള്ള കണ്ണൂരിന് പാർട്ടി കോൺഗ്രസിന് അരങ്ങൊരുക്കാനുള്ള അവസരം കൈവന്നത് ഇപ്പോൾ മാത്രം. പാർട്ടിയിൽ കേരള ഘടകവും കേരളത്തിൽ കണ്ണൂർ ലോബിയും ആധിപത്യം സ്ഥാപിച്ച ഘട്ടത്തിൽകൂടിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിലെത്തുന്നത്.
പാർട്ടിയിൽ അവസാന വാക്കായ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുഖ്യമന്ത്രിയുടെ വലംകൈ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും നേതൃത്വത്തിൽ ഒന്നിനും ഒരു കുറവില്ലെന്ന നിലയിലാണ് അഞ്ചുദിനം നീളുന്ന സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ.
നാലാം പാർട്ടി കോൺഗ്രസിനാണ് കേരളം ആദ്യമായി ആതിഥ്യമരുളിയത്. 1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ടായിരുന്നു സമ്മേളനം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു മുമ്പായിരുന്നു അത്. പാലക്കാട് പാർട്ടി കോൺഗ്രസിൽ അജയ്ഘോഷ് വീണ്ടും ജനറൽ സെക്രട്ടറിയായി. 1964ലെ പിളർപ്പിനുശേഷം സി.പി.എമ്മിന്‍റെ എട്ടാം പാർട്ടി കോൺഗ്രസിന് വേദിയായത് കൊച്ചിയാണ്. 1968 ഡിസംബർ 23 മുതൽ 29 വരെ നടന്ന സമ്മേളനത്തിൽ പി. സുന്ദരയ്യ രണ്ടാമതും ജനറൽ സെക്രട്ടറിയായി. എ.കെ.ജി, ഇ.എം.എസ് തുടങ്ങിയവർ വീണ്ടും പോളിറ്റ് ബ്യൂറോ അംഗങ്ങളായി.
തിരുവനന്തപുരം പാർട്ടി കോൺഗ്രസിന് വേദിയായത് 1988ലാണ്. ഡിസംബർ 27 മുതൽ നടന്ന സമ്മേളനത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് നാലാം തവണ ജനറൽ സെക്രട്ടറിയായി. 24 വർഷത്തെ ഇടവേളക്കുശേഷമാണ് കോഴിക്കോട് പാർട്ടി കോൺഗ്രസ് നടന്നത്. 2012 ഏപ്രിൽ നാലു മുതൽ ഒമ്പതുവരെ നടന്ന സമ്മേളനത്തിലാണ് പ്രകാശ് കാരാട്ട് മൂന്നാമതും ജനറൽ സെക്രട്ടറിയായത്. 10 വർഷത്തിനുശേഷം കണ്ണൂർ പാർട്ടി കോൺഗ്രസിന് അരങ്ങുണരുമ്പോൾ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് രണ്ടു കാലാവധി പൂർത്തിയാക്കിക്കഴിഞ്ഞു. കണ്ണൂരിൽ യെച്ചൂരിഹാട്രിക് തികക്കുമോയെന്നറിയാനാണ് അണികൾക്ക് കൗതുകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.