ഇത് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം -അഡ്വ. ഹാരിസ് ബീരാൻ

കോഴിക്കോട്: രാജ്യം നേരിടുന്ന ഈ തെരെഞ്ഞെടുപ്പ് ഒരു സാധാരണ വോട്ടെടുപ്പിലുപരി ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ. കോഴിക്കോട്ടെ യു.ഡി.എഫ് സ്‌ഥാനാർഥി എം.കെ. രാഘവന്റെ ബേപ്പൂർ നിയോജകമണ്ഡലം പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ജനാധിപത്യ-മതേതര-ഫെഡറൽ മൂല്യങ്ങളെ ലോകത്ത് ഉയർത്തിപ്പിടിക്കുന്നതിന് കാരണമായ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ നമുക്ക് മുന്നിൽ ആസന്നമായിരിക്കുന്നത്. അത് തകർക്കുന്ന പദ്ധതികളാണ് സംഘ്പരിവാർ അജണ്ടയിൽ ബി.ജെ.പി സർക്കാർ നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണനേട്ടങ്ങൾ ഒന്നും പറയാൻ സാധിക്കാത്തതിനാലാണ് ഇന്ത്യയുടെ ഭരണഘടന മാറ്റി, സി.എ.എ പോലുള്ള നിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.

കോർപറേറ്റുകളോട് ഇലക്ടറൽ ബോണ്ടിലൂടെ കോടികൾ കൈക്കൂലി വാങ്ങി കരാറുകൾ നൽകുന്ന പണിയാണ് മോദി ഭരണകൂടം കഴിഞ്ഞ 10 വർഷം രാജ്യത്ത് നടത്തിയത്. അതിനു കൂടിയുള്ള മറുപടിയാവും ഈ തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയിൽ പരമാവധി സീറ്റുകൾ ഇൻഡ്യ മുന്നണിക്ക് ലഭിക്കുമെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.

കോഴിക്കോടിന്റെ വികസിനത്തിനായി കേന്ദ്ര ഫണ്ടുകൾ തന്റെ മണ്ഡലത്തിൽ എത്തിക്കുന്നതിനായി പാർലമെന്റിലൂടെ നെട്ടോട്ടമോടുന്ന രാഘവൻ എം.പിയെ ഞങ്ങൾ ഡൽഹിയിൽ കണ്ടിട്ടുണ്ട്. പൗരത്വ വിഷയത്തിൽ പ്രതിഷേധിച്ചതിന് സസ്‌പെൻഷൻ നേരിട്ട രാഘവേട്ടനേയും കണ്ടിട്ടുണ്ട്. രാജ്യത്തെ അധികാര മാറ്റത്തിനും കോഴിക്കോടിന്റെ തുടർ വികസനത്തിനുമായി എം.കെ. രാഘവന്റെ ഉജ്വല വിജയം ഉറപ്പാക്കണമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.

News Summary - This is a fight to protect the Constitution of India - Adv. Haris Beeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.