ഇത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്; അടുത്ത വർഷം നടപ്പാക്കുന്നത് യു.ഡി.എഫ് സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് -വി.ഡി. സതീശൻ

പോണ പോക്കിൽ ശമ്പള കമീഷൻ വെക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് ഒരു പ്രസക്തിയുമില്ലാത്തതും ആളുകളെ കബളിപ്പിക്കുന്നതുമായ ബജറ്റാണെന്നും അടുത്ത സർക്കാറിന്റെ തലയിൽ എല്ലാം കെട്ടിവെക്കുന്ന ബജറ്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ബജറ്റിൽ ഒരു രൂപപോലും ഈ സർക്കാർ ചെലവഴിക്കാൻ പോകുന്നില്ല. ഈ പ്രഖ്യാപിച്ച കാര്യങ്ങൾ ഉത്തരവായി നടപ്പാകുമ്പോഴേക്കും ഈ സർക്കാറിന്റെ കാലാവധി കഴിയും. 2026-27 വർഷത്തിൽ നടക്കുന്നത് യു.ഡി.എഫ് സർക്കാർ അവതരിപ്പിക്കുന്ന ബജറ്റായിരിക്കുമെന്നും അതായിരിക്കും യഥാർഥ ബജറ്റെന്നും വി.ഡി സതീശൻ പറഞ്ഞു.

എൽ.ഡി.എഫ് അധികാരത്തിൽ വരാൻ പോകില്ലെന്ന് അവർക്കു തന്നെ ഉറപ്പായതാണ് ഈ ബജറ്റ് തെളിയിക്കുന്നത്. ചരി​ത്രത്തിലെതന്നെ ഏറ്റവും മോശം പദ്ധതിവിഹിത വിനിമയം നടത്തിയ സർക്കാറാണിന്. 38ശതമാനം മാത്രമാണ് ചെലവാക്കിയത്. കഴിഞ്ഞ അഞ്ചു വർഷക്കാലവും പദ്ധതികളു​ടെ വിനിമയത്തിൽ വർധനവുണ്ടായില്ല. കഴിഞ്ഞ ആറുമാസക്കാലം 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽനിന്ന് മാറാൻ കഴിഞ്ഞിരുന്നില്ല.

ഇങ്ങനെയുള്ള സർക്കാറാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. ധന മന്ത്രി ഒരു നല്ല വാക്ക് ഉപയോഗിച്ചോ, ഇല്ല. ന്യൂ നോർമൽ എന്ന് പറഞ്ഞു, നല്ലത്, പദ്ധതി വെട്ടിക്കുറക്കുക എന്നതാണ് കേരളത്തിലെ ന്യൂ നോർമൽ. പരിതാപകരമായ അവസ്ഥയാണ് കേരളത്തിൽ.

2500 രൂപ പെൻഷൻ വർധിപ്പിക്കും എന്നു പറഞ്ഞ് പറ്റിച്ച സർക്കാറാണിത്. ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി അത് തള്ളിക്കളഞ്ഞു. എന്നാൽ റി​പ്പോർട്ടുകൾ ഇത് ശരിവെക്കുന്നു.

ക്ഷേമ പെൻഷൻ ആരാണ് തുടങ്ങിയതെന്ന് എല്ലാവർക്കും അറിയാം. ആർ. ശങ്കറിന്റെ കാലത്താണ് അത്. കമ്യൂണിസ്റ്റ് സർക്കാർ ആണ് തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല. കടം കുറഞ്ഞു എന്നു പറഞ്ഞു, ശരിയല്ല. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞു. കോവിഡിന്ശേഷം വരുമാനം കുറച്ചു കൂടി അതാണ് കടം കുറഞ്ഞു എന്ന് പറയുന്നത്. ബജറ്റിൽ പറയുന്ന കണക്കും യഥാർഥ കണക്കും തമ്മിൽ ഒരു ബന്ധവുമില്ല. ഇവർ അധികാരത്തിൽ വരില്ല എന്ന് ഉറപ്പാണ്. എന്തുകൊണ്ട് ഇതുവരെ ശമ്പള കമീഷനെ വെച്ചില്ല. അവസാനം പോണ പോക്കിൽ ശമ്പള കമീഷൻ വെക്കുകയാണ്. അടുത്ത സർക്കാറാണ് അത് നടപ്പിലാക്കേണ്ടത്. ഡി.എ കുടിശ്ശിക നൽകുന്നതിലും ഇതാണ് അവസ്ഥ. ഒരു ലക്ഷം കോടി രൂപയാണ് ഡി.എ ഇനത്തിൽ നൽകേണ്ടത്. ഇതും അടുത്ത സർക്കാറിന്റെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്.

രൂക്ഷമായ വന്യജീവി ശല്യം ഉണ്ടായിട്ടും നീക്കിവെച്ചതിൽ പകുതി പോലും ഉപയോഗിച്ചില്ല. ലൈഫ് മിഷനിലും ഇതു തന്നെയാണ് അവസ്ഥ. കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നില്ല.

നെല്ല് സംഭരണം, ആരോഗ്യ ഇൻഷുറൻസ് എല്ലാത്തിലും ജനത്തെ തഴഞ്ഞു. എസ്.സി വിഭാഗങ്ങൾക്ക് 500 കോടിയാണ് വെട്ടിക്കുറച്ചത്. ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഇന്ത്യയിൽ ഏറ്റവും വരുമാനം ഉണ്ടാകേണ്ടിയിരുന്ന സംസ്ഥാനമാണ് കേരളം.

എന്നാൽ 30 ശതമാനം വേണ്ടിയിരുന്നത് 10 ശതമാനമായി കുറഞ്ഞു. കടം കുമിഞ്ഞു കൂടുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ആശാ വർക്കർമാർക്ക് ആയിരം രൂപ കൂട്ടിയത്. കഴിഞ്ഞ ബജറ്റിന്റെ പെർഫോൻസ് ഓഡിറ്റ് നടത്തി ധവളപത്രം പുറപ്പെടുവിക്കുന്നതിന് സർക്കാർ തയാറുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Tags:    
News Summary - This is a budget that deceives the people; The budget presented by the UDF government will be implemented next year - VD Satheesa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.