തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ, 101 വോട്ടുകൾ

തിരുവനന്തപുരം: 16ാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കെപ്പട്ടു. 101 വോട്ടുകൾക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രോ ടെം സ്പീക്കർ ജി. സുധാകരൻ വോട്ട് ചെയ്തില്ല. എൽ.ഡി.എഫിൽനിന്നുള്ള എ.സി മൊയ്തീന് 35 വോട്ടുകളും എൻ.ഡി.എയുടെ ബി.ബി. ഗോപകുമാറിന് മൂന്നു വോട്ടുകളും ലഭിച്ചു. ആരുടെ വോട്ടുകളും അസാധുവായില്ല.

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചത്. 139 എം.എൽ.എമാരാണ് വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. സഭയിൽ 102 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ യു.ഡി.എഫ് സ്ഥാനാർഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. എൽ.ഡി.എഫിന് 35ഉം എൻ.ഡി.എക്ക് മൂന്നും അംഗങ്ങളാണുള്ളത്. പ്രോ ടെം സ്പീക്കർ ജി. സുധാകരനാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിച്ചത്. രഹസ്യബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്.  തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും ചേർന്ന് ഇരിപ്പിടത്തിലേക്ക്‌ ആനയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിനായി 29നാണ് സഭ ഇനി ചേരുക. ജൂൺ രണ്ടിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. യു.ഡി.എഫിൽ നിന്ന് ഷാനിമോൾ ഉസ്മാനാണ് മത്സരിക്കുക.

ഒരു കാലത്ത് ചുവപ്പൻ കോട്ടയായിരുന്ന കോട്ടയത്തുനിന്ന് നാലാം തവണയാണ് തിരുവഞ്ചൂർ നിയമസഭയിലെത്തുന്നത്. 35986 വോട്ടിനാണ് സി.പി.എമ്മിന്‍റെ അഡ്വ. കെ. അനിൽ കുമാറിനെ തുടർച്ചയായ രണ്ടാം വട്ടവും തറപറ്റിച്ചത്. 1991 മുതൽ അടൂരിൽനിന്ന് നിയമസഭയിലെത്തിയെങ്കിലും ജന്മനാടിനെ പ്രതിനിധീകരിച്ചത് 20 വർഷം കഴിഞ്ഞാണ്. ബാലജനസഖ്യം, കെ.എസ്.യു പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1965ൽ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായി. 1967ല്‍ കെ.എസ്.യു കോട്ടയം ജില്ല പ്രസിഡന്‍റും 1969ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. കോട്ടയം ബസേലിയോസ് കോളജ് യൂനിയൻ ചെയർമാനും ജനറൽ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പദവികളും വഹിച്ചു.

1976ൽ കോട്ടയം ബാറിൽ അഭിഭാഷകനായി പരിശീലനം ആരംഭിച്ചെങ്കിലും പൊതുസേവനത്തിനായി മുൻഗണന. 1991 മുതൽ നാലുതവണ അടൂരിൽനിന്ന് ജയിച്ചു. അടൂരിനെ സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതോടെയാണ് 2011ല്‍ ജന്മനാട്ടിൽ മത്സരിക്കാനെത്തിയത്. അന്നുമുതൽ കോട്ടയം തിരുവഞ്ചൂരിന്‍റെ കോട്ടയായി. ആദ്യ മത്സരത്തിൽ കോട്ടയത്ത് 711 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ.

2016ൽ കോൺഗ്രസ് എം.എൽ.എമാരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (33,632) സ്വന്തമാക്കി. 2021ൽ ഭൂരിപക്ഷം 18,743 ആയി കുറഞ്ഞെങ്കിലും 2026 ൽ 35,986 ആയി വർധിപ്പിച്ചു. 2004ൽ ഉമ്മൻചാണ്ടി സർക്കാറിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്‍ററികാര്യ എന്നീ വകുപ്പുകൾ വഹിച്ചു. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ റവന്യൂ, ആഭ്യന്തരം, വിജിലന്‍സ്, വനം-പരിസ്ഥിതി, ഗതാഗതം, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 1949 ഡിസംബര്‍ 26ന് കെ.പി. പരമേശ്വരന്‍ പിള്ളയുടെയും ഗൗരിക്കുട്ടി അമ്മയുടെയും മകനായാണ് ജനനം. ഭാര്യ: ലളിതാംബിക രാധാകൃഷ്ണന്‍. മക്കൾ: ഡോ. അനുപം രാധാകൃഷ്ണന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാധാകൃഷ്ണന്‍.

Tags:    
News Summary - Thiruvanchoor Radhakrishnan Kerala Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.