നെൻമാറ ഇരട്ടക്കൊലപാതകം: ചെന്താമരക്ക് തൂക്കുകയർ; കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി, കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകണം

പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി പോത്തുണ്ടി സ്വദേശി ചെന്താമരക്ക് വധ ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. പ്രതിക്ക് പരമാവധി ശിക്ഷതന്നെ നൽകി വിധി പ്രഖ്യാപിച്ച കോടിതി സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. മുൻകാലങ്ങളിലെ വിവിധ കേസുകളുടെ റെഫറൻസുകൾ വിശദമായി പരിശോധിച്ച ശേഷമാണ് വിധി പുറപ്പെടുവിച്ചത്. 

പ്രതി കുറ്റക്കാരനെന്ന് ദിവസങ്ങൾക്ക് മുമ്പ് കോടതി കണ്ടെത്തിയിരുന്നു. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കഴിഞ്ഞ ദിവസം കോടതിയിൽ വിചാരണക്ക് കൊണ്ടുവരുമ്പോൾ യാതൊരു മാനസാന്തരവുമില്ലാതെയായിരുന്നു ചെന്താമരയുടെ പെരുമാറ്റം. എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് യാതൊരു ഭാവ ഭേദവുമില്ലാതെ തൂക്കി കൊന്നോളൂ എന്നാണ് ഇയാൾ കോടതിക്ക് മറുപടി നൽകിയത്. ചെന്താമരക്ക് വധ ശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ കോടതിയോട് പറഞ്ഞു.

2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്താമര പിടിയിലായത്. പൊലീസ്‌ നാട്ടുകാരുമായി ചേർന്ന്‌ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ്‌ ഇയാൾ വീട്ടിലേക്കെത്തുന്ന വഴിയിൽ വെച്ച് പിടികൂടിയത്.

2019ല്‍ സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 52 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിരുന്നു. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

Tags:    
News Summary - Nenmara double murder: Death sentence for Chenthamara; court calls it rarest of rare, orders Rs 20 lakh compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.