ഇ-പോസ് മെഷീൻ സംവിധാനം പണിമുടക്കി, സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായി സ്തംഭിച്ചു. ഇ-പോസ് മെഷീൻ സംവിധാനം പണിമുടക്കിയതോടെയാണ് റേഷൻ വിതരണം പ്രതിസന്ധിയിലായത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ സംസ്ഥാനത്തെ റേഷൻ കടകൾ ഉച്ചയോടെ അടച്ചിട്ടു.

ജൂലൈയിലെ റേഷൻ വിതരണം അവസാന ഘട്ടങ്ങളിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ തിങ്കളാഴ്ച രാവിലെ മുതൽ കാർഡുടമകളുടെ തിരക്കായിരുന്നു.

എന്നാൽ, കട തുറന്ന് റേഷൻ വിതരണത്തിനായി ഇ-പോസ് മെഷീൻ ഓണാക്കിയപ്പോഴാണ് വിതരണം മുടങ്ങിയ കാര്യം സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ തിരിച്ചറിയുന്നത്. മെഷീനിൽ വ്യാപാരിയുടെ വിരൽ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, മാന്വൽ ആയിപ്പോലും കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിയാത്ത സ്ഥിതിയിലായി. പരാതി പറയാൻ അധികാരികളെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

ഇ-പോസ് മെഷീനുകൾ നിശ്ചലമായതോടെ റേഷൻ വിതരണം തടസ്സപ്പെട്ടു. രാവിലെ മുതൽ സാധനങ്ങൾ വാങ്ങാൻ കടകളിലെത്തിയ കാർഡുടമകളെ പ്രതിസന്ധി ദുരിതത്തിലാക്കി. വിതരണം നടത്താൻ കഴിയാതെ വന്നതോടെ ഉച്ചക്ക് 12ന് സംസ്ഥാനത്തെ റേഷൻ കടകൾ പൂർണമായി അടച്ചിട്ടു.

അതേസമയം, ഒരു മുന്നറിയിപ്പുമില്ലാതെ സംസ്ഥാന ഡാറ്റ സെന്ററിലെ സർവറിൽ നടത്തിയ അറ്റകുറ്റ പ്രവർത്തനങ്ങളാണ് റേഷൻ വിതരണം താറുമാറാകാൻ ഇടയാക്കിയതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സാങ്കേതിക തകരാർ പരിഹരിക്കുന്നതോടെ വിതരണം സാധാരണ നിലയിലാകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ വൈകിട്ട് നാലിന് കടകൾ തുറക്കുമെന്ന് റേഷൻ വ്യാപാരികളും അറിയിച്ചു.

Tags:    
News Summary - E-POS machine system goes out of order, halting ration distribution in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.