ഡി.വൈ.എഫ്.ഐ നൽകുന്ന പൊതിച്ചോറ് വിതരണത്തിന് ജില്ല ആശുപത്രിയിൽ എത്തിയ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
കണ്ണൂർ: ഗവ. ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ സഹായമാകുന്ന ഭക്ഷണത്തിൽ മണ്ണ് വാരിയിടുകയാണ് മന്ത്രി കെ. മുരളീധരനെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കണ്ണൂരിൽ ജില്ല ആശുപത്രിയിൽ പൊതിച്ചോർ വിതരണത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല.
ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തിയത് മന്ത്രി കെ. മുരളീധരനും ജി. സുധാകരൻ എം.എൽ.എയുമാണ്. ഇന്നലെവരെ ഡി.വൈ.എഫ്.ഐ എങ്ങനെയാണോ ഭക്ഷണം നൽകിയത് അതുപോലെ നാളെയും വിതരണം ചെയ്യുമെന്നും അത് ഒരു മന്ത്രിയെ കൊണ്ടും തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സനോജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ആശുപത്രികളിൽ രക്തദാനം ചെയ്യുന്നുണ്ട്. ആംബുലൻസുകളിൽ രോഗികളെ എത്തിക്കുന്നുണ്ട്. ഇതൊക്കെ പറ്റില്ലെന്ന് പറയുമോയെന്നും മുരളീധരന്റെ പിതാവ് കെ. കരുണാകരന്റെ പേരിലല്ലേ പുതിയ ആശുപത്രി തുടങ്ങുന്നതെന്നും വി.കെ. സനോജ് ചോദിച്ചു.
ഡി.വൈ.എഫ്.ഐ ഭക്ഷണം ശേഖരിക്കുന്നത് എല്ലാ രാഷ്ട്രീയപാർട്ടിക്കാരുടെയും വീട്ടിൽനിന്നാണ്. ഡി.വൈ.എഫ്.ഐക്ക് പൊതിച്ചോർ കൊടുത്താൽ അത് അർഹതപ്പെട്ടവരുടെ കൈകളിലെത്തുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. അത് ഇനിയും തുടരുമെന്നും വി.കെ. സനോജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.