തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലേർപ്പെടുത്തിയ യൂസർ ഫീ വർധനവിനെതിരെ പ്രവാസി വെൽഫെയർ ഫോറം കേരള സംസ്ഥാന കമ്മിറ്റി. യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്ന നടപടി ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര പ്രവാസി വകുപ്പ് ഇല്ലാതാക്കിയും വോട്ടവകാശം നിഷേധിച്ചും പ്രവാസി കൾക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചും ചൂഷണങ്ങൾക്ക് വിധേയമാക്കിയും സർക്കാരുകൾ നടത്തിവരുന്ന ദ്രോഹ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയും രേഖപ്പെടുത്തി.
സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും സാമ്പത്തിക വളർച്ചക്കും സർവ്വതോർമുഖമായ പുരോഗതിക്കും ഗണ്യമായ സംഭാവനകൾ നൽകുന്ന പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ സൗകര്യം ഒരുക്കുന്നതിന് പകരം അവരെയും അവരുടെ സംരംഭങ്ങളെയും പ്രയാസപ്പെടുത്തുന്ന നടപടികളുടെ തുടർച്ചയാണ് ഈ വിമാനത്താവള യൂസേഴ്സ് ഫീസ് വർദ്ധനയെന്ന് യോഗം അഭിപ്രായപ്പെട്ടു.
പല രാജ്യങ്ങളും നികുതിദായകർക്കും സംഭാവനകൾ ചെയ്യുന്നവർക്കും പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തുന്നു, അതേസമയം നമ്മുടെ രാജ്യത്ത് പ്രവാസികൾക്ക് പല നിലയിലും അമിതമായ ഭാരങ്ങൾ ചുമത്തുന്നു, കുടുംബത്തിൽ പ്രവാസികൾ ഉണ്ടെന്ന കാരണത്താൽ പല ആനുകൂല്യങ്ങളും നിഷേധിക്കുന്നു, വർദ്ധിച്ച വരുമാന സർട്ടിഫിക്കറ്റ് നൽകി പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തടയുന്നു, ചികിത്സ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, റേഷൻ സംവിധാനങ്ങൾ പോലും തടയുന്നു, ഇത്തരം നടപടികൾ കടുത്ത നീതി നിഷേധമാണെന്ന് യോഗം വിലയിരുത്തി.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിന് സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
സലാഹുദ്ധീൻ കെ. എറണാകുളം, അക്ബർ ചാവക്കാട്, ഹസനുൽ ബന്ന മുതവല്ലൂർ, എം.കെ. ഷാജഹാൻ തിരുവനന്തപുരം, സയീദ് വയനാട്, മുഹമ്മദ് പൊന്നാനി, അബ്ദുൽ അസീസ്, സലാഹുദ്ധീൻ എം. എസ്., സക്കരിയ ആലുവ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ട്രഷറർ മുഹമ്മദ് കുഞ്ഞിപ്പ ചാവക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.