മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ

തീരദേശത്ത് ഭീതി വിതച്ച തിരുട്ട് മോഷ്ടാക്കള്‍ പിടിയില്‍; പിന്‍വാതിൽ തകർത്ത് അകത്തുകയറി മോഷണം നടത്തിയത് 13 വീടുകളിൽ

കൊടുങ്ങല്ലൂർ: രാത്രികാലങ്ങളിൽ വീടിന്റെ പിൻവാതിലുകള്‍ തകര്‍ത്ത് ഉറങ്ങിക്കിടക്കുന്നവരുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയ കവർച്ച പരമ്പരകളുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം മൂന്ന് തമിഴ്നാട് തിരുട്ട് ഗ്രാമ സ്വദേശികളെ  പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷൻ പരിധിയിൽ വരുന്ന തീരദേശവാസികളെ ഭയവിഹ്വലരാക്കിയായിരുന്നു ഇവരുടെ മോഷണ പരമ്പരകൾ.

ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്ന തമിഴ്നാട് കമ്പം സ്വദേശികളായ ആനന്ദൻ ( 48), ആനന്ദ എന്ന ആനന്ദകുമാര്‍ (35), മാരി (45) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി  എൈശ്വര്യ ഡോങ്ഗ്രേയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച ഡി.വൈ.എസ്.പി  എൻ.എസ്. സലീഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തീരദേശത്ത് നടന്ന 13 മോഷണ കേസുകളിൽ ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണ സ്വർണം വിൽക്കാൻ സഹായിച്ചതിനാണ് സ്ത്രീ അറസ്റ്റിലായത്. വിൽപന നടത്തിയ ജ്വല്ലറിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കവർച്ചകളെ തുടർന്ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂര്‍, മതിലകം തീരപ്രദേശങ്ങളില്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയാറാക്കി രാത്രികാല പട്രോളിങ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മതിലകം സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ മോഷണം നടത്തുന്നതിന് ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് മതിലകം, കൊടുങ്ങല്ലൂര്‍, കണ്‍ട്രോള്‍ റൂം എന്നീ യൂനിറ്റുകളുടെ സഹായത്തോടെ പ്രദേശം വളയുകയും തിരച്ചില്‍ നടത്തുകയുമുണ്ടായി. എന്നാല്‍, സംഘം വിദഗ്ധമായി പറമ്പുകളില്‍ കൂടി രക്ഷപ്പെട്ട് മറ്റൊരുസ്ഥലത്ത് വീണ്ടും മോഷണം നടത്തുന്നതിന് ശ്രമിക്കുകയായിരുന്നു. ഇവിടെ നാട്ടുകാരൻ മോഷ്ടാക്കളെ കണ്ടിരുന്നു. ഇവിടെയും പൊലീസ് എത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ട് ഓടി പോവുകയായിരുന്നു.

അതിരാവിലെ സ്ഥലത്തുകൂടി കടന്നുപോകുന്ന ബസുകളില്‍ അടക്കം തിരച്ചില്‍ നടത്തിയ പൊലീസ് സംഘം എസ്.എന്‍ പുരത്തുനിന്നും ഒരാളെ  ഓടിച്ച് പിടികൂടി. പിന്നീട് രണ്ടാമനെ നാട്ടുകാരുടെ സഹായത്തോടെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ ഇവര്‍ കത്തി മൂര്‍ച്ച കൂട്ടാനുളള ഉപകരണവുമായും കത്തികള്‍ വില്‍ക്കുന്നവരായും ആക്രിക്കാരായും ഇടവഴികളും വീടുകളും മനസ്സിലാക്കി അടയാളപ്പെടുത്തും. പിന്നീട് രാത്രിസമയങ്ങളില്‍ എത്തി മോഷണം നടത്തും. വീടുകളുടെ പിന്‍വശത്തെ പൂര്‍ണമായും ലോക്കില്ലാത്ത ദുർബലമായ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി ഉറങ്ങിക്കിടക്കുന്നവരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.

മോഷണശ്രമത്തിനിടയില്‍ എതിര്‍ക്കുന്നവരെ ആക്രമിക്കാനും അപായപ്പെടുത്തുവാനും മടിയില്ലാത്ത ഇവര്‍ റോഡുകളും ഇടവഴികളും ഒഴിവാക്കി പറമ്പുകളിലൂടെയാണ് മോഷണത്തിനായി സഞ്ചരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ ഡി.വൈ.എസ്.പി എൻ.എസ്. സലീഷിനെ കൂടാതെ  ഇന്‍സ്പെക്ടര്‍മാരായ ഇ.ആർ. ബൈജു, എം.കെ. ഷാജി, എസ്.ഐമാരായ പി.സി. സുനില്‍, അജിത്ത്, രവി, രമ്യാകാര്‍ത്തികേയന്‍, ഹരോള്‍ഡ്ജോര്‍ജ്, സുരേഷ് ലവന്‍, ശ്രീലാല്‍, സി.ആർ. പ്രദീപ്, എ.എസ്.ഐ. വി.പി. ഷൈജു, എസ്.സി.പി.ഒ.മാരായ. സി.ടി. രാജന്‍, സി.കെ. ബിജു, സുനില്‍, മനോജ്, സി.പി.ഒമാരായ എ.ബി. നിഷാന്ത്, സലിം എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Thiruttu thieves who spread fear in the coastal area arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.