തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുൻ കെ.പി.സി.സി അധ്യക്ഷനുമായ ഇന്നലെ അന്തരിച്ച തെന്നല ബാലകൃഷ്ണപിള്ളയുടെ (95) സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നരക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെട്ടയം മുക്കോലയിലെ വസതിയിലുള്ള ഭൗതികദേഹം ശനിയാഴ്ച രാവിലെ 10.30ന് കെ.പി.സി.സി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും.
സതീദേവിയാണ് ഭാര്യ. മകൾ: നീത. ഡോ.രാജേന്ദ്രൻ നായരാണ് മരുമകൻ. കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയായ തെന്നല ബാലകൃഷ്ണപിള്ള രണ്ടുതവണ (1998-2001, 2004-2005) കെ.പി.സി.സി അധ്യക്ഷനായി. 1991ലും 1992ലും 2003ലും രാജ്യസഭാംഗമായി. രണ്ടു തവണ (1977-80, 1982- 87) അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കൊല്ലം ശൂരനാട് തെന്നല വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെയും എൻ. ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11നാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. മണപ്പള്ളി മിഡിൽ സ്കൂളിൽ, തിരുവനന്തപുരം സെന്റ്ജോസഫ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എം.ജി കോളജിൽനിന്ന് ബിരുദം സ്വന്തമാക്കി. നാട്ടിലേക്ക് മടങ്ങിയ ശേഷം പുളിക്കുളം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. തുടർന്ന് ശൂരനാട് നോർത്ത് മോഡൽ പ്രസിഡന്റ്, കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് പദവികൾ വഹിച്ചു. 1962ൽ കെ.പി.സി.സി അംഗമായി. കൊല്ലം ഡി.സി.സി ട്രഷററും 1972 മുതല്‍ അഞ്ചര വര്‍ഷത്തോളം ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു. 1981 മുതൽ 1992 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി. 1988-92 കോൺഗ്രസ് അച്ചടക്കസമിതി ചെയർമാനായി. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നുവന്ന തെന്നല, കൊല്ലം ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
രാജ്യസഭാംഗമായിരിക്കെ നദീസംരക്ഷണ അതോറിറ്റി, പെറ്റീഷന് കമ്മിറ്റി, ദേശീയ ഷിപ്പിങ് ബോര്‍ഡ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ബോർഡ്, റബര്‍ ബോര്‍ഡ്, സ്പെഷല്‍ എക്കണോമിക് സോണ്‍ സബ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ കൊമേഴ്സ് തുടങ്ങിയവയില്‍ അംഗമായിരുന്നു. ഒമ്പത് വർഷം അഖില ഭാരത അയ്യപ്പ സേവാസംഘം പ്രസിഡന്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.