കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ

തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.രാമനാഥപുരം മുടുക്കുളത്തൂർ കീലപച്ചേരി സ്വദേശി മുത്തുകൃഷ്ണനെ (39) ആണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് സംഭവം.

കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് വന്നപ്പോൾ തൃശൂരിൽ നിർത്തിയിട്ടിരുന്നു. മൊബൈൽ ഫോണും പഴ്സും ബാഗിനുള്ളിൽ വെച്ച് ടോയ്‍ലറ്റിൽ പോകാനിറങ്ങിയ യുവതിയുടെ ബാഗ് മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. രണ്ട് മൊബൈൽ ഫോൺ, 1000 രൂപ, എ.ടി.എം കാർഡുകൾ തുടങ്ങിയവ നഷ്ടപ്പെട്ടു.

യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബർസെല്ലിന്റെ സഹായത്തോടെ നിരീക്ഷണം നടത്തി തമിഴ്നാട്ടിലുണ്ടെന്ന് കണ്ടെത്തി.ഫോൺ ഉപയോഗിക്കുന്നയാളെ കണ്ടെത്തിയെങ്കിലും, മോഷണ മുതലാണെന്ന് അറിയാതെ അയാൾ വാങ്ങി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തുകൃഷ്ണൻ പിടിയിലായത്.

ഇയാൾ സ്ഥിരമായി കേരളത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ സമാനമായ മറ്റു കേസുകൾ ഉണ്ടോ എന്നറിയാൻ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി.

സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ. ഭരതനുണ്ണി, പി.സി. സന്ദീപ്, കെ.ടി. ഷമീം, പി. ഹരീഷ്, സൈബർ സെൽ ഉദ്യോഗസ്ഥരായ കെ.എസ്. ശരത്, കെ.ജി. മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Theft in KSRTC buses; Defendant in the hold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.