മദ്റസകൾ കേന്ദ്രീകരിച്ച് കവർച്ച: മോഷ്ടിച്ച തുക അനാഥാലയങ്ങൾക്ക് സംഭാവന ചെയ്യുന്നുവെന്ന് പ്രതി

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നാണ് പിടിയിലായത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്.

പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിന്‍റെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് പിടിയിലായത്.തമിഴ്നാട്ടിലെ ദിണ്ഡിഗൽ വേദ സന്തൂരിലെ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസിൽ ഇയാളെ ദിണ്ഡിഗൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിണ്ഡിഗൽ പൊലീസുമായി പൊന്നാനി സി.ഐ ബന്ധപ്പെട്ടാണ് പൊന്നാനിയിലെത്തിച്ചത്.

ചോദ്യം ചെയ്യലിൽ മമ്പുറം മഖാം, പാണ്ടിക്കാട് മദ്റസ കമ്മിറ്റി ഓഫിസ്, ആലപ്പുഴയിലെ അമ്പലപ്പുഴ മദ്റസ എന്നിവിടങ്ങളിൽ ഉൾപ്പെടെ 20ഓളം സ്ഥലങ്ങളിൽ മോഷണം നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.സി.സി.ടി.വി ഉള്ളിടങ്ങളിൽ പോലും ദൃശ്യങ്ങൾ മറക്കാതെയാണ് പ്രതി മോഷണം നടത്തിയിരുന്നത്.

മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങൾക്ക് സംഭാവന ചെയ്യുന്നതാണ് രീതിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.മോഷണക്കേസിൽ രണ്ട് തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി ദിണ്ഡിഗൽ ജയിലിൽ റിമാൻഡ് ചെയ്യും.

Tags:    
News Summary - Theft centered on Madrasahs: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.