കണ്ണൂർ: കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് ജീവനൊടുക്കിയത്. സഹോദരനും സഹോദരന്‍റെ ഭാര്യക്കും ആറ് വയസുള്ള മകനുമാണ് പൊള്ളലേറ്റത്.
പൊള്ളലേറ്റ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (6) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിനക്ക് 80 ശതമാനവും രജീഷിന് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആദ്യം കൂത്തുപറമ്പ് ആശുപത്രിയിലും കോഴിക്കോട് മിംസിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.
രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് കുടുംബാംഗങ്ങളുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മാതാവിന്‍റെ മുമ്പിൽ വച്ചാണ് സഹോദരനെയും കുടുംബത്തെയും ആക്രമിച്ചത്. പൊള്ളലേറ്റവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോയ സമയത്താണ് കിടപ്പുമുറിയിൽ കയറി രഞ്ജിത്ത് തൂങ്ങി മരിച്ചത്.
സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്നും രഞ്ജിത്ത് വീട്ടിലെത്തി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.