മലപ്പുറം: അര ലക്ഷം കടന്ന ഭൂരിപക്ഷത്തിന്‍റെ തിളക്കത്തിൽ ജില്ലയിൽ കോൺഗ്രസിന് സമ്പൂർണ വിജയം. കാൽ നൂറ്റാണ്ടിന് ശേഷമാണ് മത്സരിച്ച മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിക്കുന്നത്. പൊന്നാനിയിലെയും തവനൂരിലെയും കോട്ടകൾ നിലംപരിശാക്കിയാണ് കോൺഗ്രസ് എൽ.ഡി.എഫിനെ ഞെട്ടിച്ചത്. അഞ്ചക്ക ഭൂരിപക്ഷത്തിലാണ് മത്സരിച്ച നാലു മണ്ഡലങ്ങളിലും കോൺഗ്രസ് മൂവർണക്കൊടി പാറിച്ചത്. ജില്ലയിൽ നാലിടത്ത് കോൺഗ്രസ് വിജയിക്കുന്നത് ആദ്യമാണ്. നിലമ്പൂരിലെ ഭൂരിപക്ഷം 50,000 കടന്നു. പാർട്ടിയുടെ കണക്കുകൂട്ടലുകളും വിലയിരുത്തലുകളും തെറ്റിച്ച ഭൂരിപക്ഷമാണ് നാലിടത്തുമുണ്ടായത്. രണ്ടു പതിറ്റാണ്ടിന്‍റെ സി.പി.എം മേൽക്കോയ്മ തകർത്താണ് പൊന്നാനിയിൽ കെ.പി. നൗഷാദലി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. തീരദേശ മേഖലയിലെ ഉൾപ്പെടെ ഇടത് കോട്ടകൾ തകർത്ത് 13,267 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. സക്കീറിനെ പരാജയപ്പെടുത്തി. 2021ലെ സ്ഥാനാർഥി എ.എം. രോഹിത്തിന് ലഭിച്ചതിനേക്കാൾ 23,049 വോട്ടുകൾ അധികം പിടിച്ചാണ് കോൺഗ്രസ് മികച്ച മുന്നേറ്റം നടത്തിയത്.
തവനൂരിൽ 14,647 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വി.എസ്. ജോയ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി. ജലീലിന്‍റെ ആധിപത്യം തകർത്തു. 2021ൽ ഫിറോസ് കുന്നംപറമ്പിലിന് ലഭിച്ചതിനേക്കാൾ 11,867 വോട്ടുകൾ അധികമായി ജോയ് നേടി.
54851 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂരിനെ കോൺഗ്രസിന്‍റെ ഉരുക്കുകോട്ടയാക്കാൻ ആര്യാടൻ ഷൗക്കത്തിന് സാധിച്ചു. എൽ.ഡി.എഫ് സ്വതന്ത്രൻ യു. ഷറഫലിയെയാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. 2025ലെ ഉപതെരഞ്ഞെടുപ്പിൽ ഷൗക്കത്തിന് ലഭിച്ച 11,077 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അനേകം മടങ്ങ് വർധിച്ച് ചരിത്ര വിജയമായത്. അന്ന് ലഭിച്ചതിനേക്കാൾ 35,849 വോട്ടുകളാണ് ഇത്തവണ കോൺഗ്രസിന് വർധിച്ചത്. വണ്ടൂരിലെ എ.പി. അനിൽകുമാറിന്റെ ഭൂരിപക്ഷം അര ലക്ഷത്തിന് അടുത്തെത്തി. 47939 വോട്ടിനാണ് എൽ.ഡി.എഫിലെ ഡോ. കെ.കെ. ദാമോദരനെ പരാജയപ്പെടുത്തിയത്. 2021ൽ 15,563 ആയിരുന്ന ഭൂരിപക്ഷം അനിൽകുമാർ കുത്തനെ ഉയർത്തി. അന്നത്തേതിനേക്കാൾ 33,659 വോട്ടുകൾ ഇത്തവണ ലഭിച്ചു.
2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷം ജില്ലയിലെ മണ്ഡലങ്ങളുടെ എണ്ണം 16 ആയതോടെയാണ് കോൺഗ്രസിന് നാലു സീറ്റ് ലഭിച്ചത്. 2001ൽ മത്സരിച്ച മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിച്ചിരുന്നു. 1987ലും 1977ലും മൂന്ന് സീറ്റിൽ വിജയിച്ചിട്ടുണ്ട്. 1967ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജില്ലയിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.