മഞ്ചേരി: മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും വികസന പദ്ധതികള്‍ക്ക് സാങ്കേതികവും ഭരണപരവുമായ അനുമതികള്‍ ലഭ്യമാക്കാനുമുള്ള നടപടി സ്വീകരിക്കാന്‍ അഡ്വ. റഹ്മത്തുല്ല എം. എല്‍.എയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ ചേർന്ന ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയല്‍, മെഡിക്കല്‍ കോളജ്, നഴ്‌സിങ് സ്‌കൂള്‍-കോളജ് അധികൃതര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
23 കോടി ചെലവില്‍ നിര്‍മാണം പ്രവര്‍ത്തനം നടക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്, എം.ആര്‍.ഐ സ്‌കാനിങ് ഇന്‍സ്റ്റലേഷന്‍, ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, റാമ്പ് നിര്‍മാണം, ലിഫ്റ്റ് സ്ഥാപിക്കല്‍, ഓഡിറ്റോറിയം നിര്‍മാണം, പീഡിയാട്രിക് ഐ.സി.യു, നഴ്‌സിങ് കോളജിന് സ്ഥലം ഏറ്റെടുക്കല്‍, ഒ.പി ആന്‍ഡ് റേഡിയോളജി ബ്ലോക്ക് നിര്‍മാണം തുടങ്ങിയവ വേഗത്തിലാക്കണം.
നഴ്‌സിങ് സ്‌കൂളിന് 2016 ല്‍ 14 കോടി രൂപ ഫണ്ട് അനുവദിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ചെരണി ക്ഷയരോഗ ആശുപത്രിയോട് ചേര്‍ന്ന സ്ഥലം നഴ്‌സിങ് സ്‌കൂള്‍ നിര്‍മ്മാണത്തിന് അനുയോജ്യമാണോയെന്ന് രണ്ട് ദിവസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഫയര്‍ എന്‍.ഒ.സി ലഭിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് എന്‍.ഒ.സി ലഭിക്കാൻ നിര്‍മ്മാണ ഏജന്‍സി മുന്‍കൈയെടുക്കണം. ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് ബില്‍ഡിങ് പണി പൂര്‍ത്തിയാക്കാൻ തടസ്സമായ മണ്ണ് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
നിസാരകാര്യങ്ങളുടെ പേരിൽ വികസനം തടസ്സപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. രണ്ടാഴ്ചയിലൊരിക്കല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി, നഗരസഭ അധികൃതര്‍ എന്നിവര്‍ പുരോഗതി വിലയിരുത്തും. നഗരസഭ ചെയര്‍ പേഴ്സൻ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ അഡ്വ. ബീന ജോസഫ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ റിസ്‌വാന സാദിഖ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റഷീദ് ബാബു. പി,
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയര്‍ കെ.ഇസ്മയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. പി.എസ്. ഷീന, സൂപ്രണ്ട് ഡോ. പ്രഭുദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എൻ. അനൂപ്, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പ്രസന്നന്‍, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ജസ്റ്റിന്‍, ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ സി.പി. ബഷീര്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.