സല്യൂട്ട് ചോദിച്ച് വാങ്ങാൻ വേണ്ടിയല്ല ഡി.ജി.പിക്ക് കത്തയച്ചതെന്ന് തൃശൂർ മേയർ

തൃശൂർ: സല്യൂട്ട് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി തൃശൂർ മേയർ എം.കെ. വർഗീസ്. ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് എം.കെ. വർഗീസ് പറഞ്ഞു. സല്യൂട്ട് ചോദിച്ച് വാങ്ങാൻ വേണ്ടിയല്ല ഡി.ജി.പിക്ക് കത്തയച്ചത്. തന്‍റെ നിലപാടുകൾ ചില സംഘടനകൾ വളച്ചൊടിച്ചു. പൊലീസിൽ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചില്ലെന്നും മേയർ എം.കെ. വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ മേയർ എം.കെ. വർഗീസ്​ ഡി.ജി.പിക്കാണ് കത്ത് നൽകിയത്. ഔദ്യോഗിക വാഹനം കടന്നു പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കാണാത്ത രീതിയിൽ ഒഴിഞ്ഞുമാറുന്നതായും പ്രോട്ടോകോൾ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.

ബഹുമാനിക്കാത്ത അവസ്ഥ പലതവണ പൊലീസിൽ നിന്നുണ്ടായെന്നും ഇക്കാര്യം അധികാരികളെ അറിയിച്ചിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുകയും ഉചിതമായ നടപടി നിർദേശിച്ച് ഡി.ജി.പിയുടെ ഓഫിസ് തൃശൂർ റേഞ്ച് ഡി.ഐ.ജിക്ക് കത്ത്​ കൈമാറുകയും ചെയ്​തിരുന്നു.

എന്നാൽ, ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് പ്രോട്ടോകോൾ പ്രകാരം സ്ഥാനമെന്നും തനിക്ക് സല്യൂട്ട് നൽകുന്നില്ലെന്നുമുള്ള മേയറുടെ കത്ത് നിയമപ്രകാരം സാധുതയുള്ളതല്ലെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹത്തിന് നിർബന്ധമായും സല്യൂട്ട് ആദരവ്​ അർപ്പിക്കണമെങ്കിലും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾക്കും വിവിധ ഉദ്യോഗസ്ഥർക്കും സല്യൂട്ട് ആവശ്യമില്ലെന്നാണ് പൊലീസ് സ്​റ്റാൻഡിങ് ഓർഡർ.

'ആന്തരികമായ ബഹുമാനത്തി​െൻറ ബാഹ്യപ്രകടന'മാണ് സല്യൂട്ട്' എന്ന്​ വ്യക്തമായി നിർവചിക്കുന്നതായി രാമവർമപുരം പൊലീസ് അക്കാദമി പരിശീലകരും വ്യക്തമാക്കുന്നു. കേരള പൊലീസ് സ്​റ്റാൻഡിങ് ഓർഡർ 18ാം അധ്യായത്തിൽ ആർക്കൊക്കെ സല്യൂട്ട്​ നൽകണമെന്ന്​ വ്യക്തമായി പറയുന്നു.

എം.എൽ.എമാരും ചീഫ് സെക്രട്ടറിയും ഇതിലില്ലെങ്കിലും ജനപ്രതിനിധികളെന്ന പരിഗണന എം.എൽ.എമാർക്ക് ലഭിക്കുന്നു. പ്രോട്ടോകോൾ പ്രകാരം ചീഫ് സെക്രട്ടറി എം.എൽ.എക്ക് താഴെയാണ്. അതനുസരിച്ച് ചീഫ് സെക്രട്ടറിക്കു പോലും സല്യൂട്ടിന് അർഹതയില്ല.

രാഷ്​ട്രപതി, ഉപരാഷ്​ട്രപതി, ഗവർണർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാർ, ജില്ല പൊലീസ് മേധാവികൾ, എസ്.പി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥർ, യൂനിറ്റ് കമാൻഡൻഡ്, ജില്ല കലക്ടർ, സെഷൻസ് ജ‍ഡ്ജിമാർ, സൈന്യത്തിലെ ഫീൽഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ (യൂനിഫോമിലുള്ളവർ), മജിസ്ട്രേറ്റുമാർ, സേനകളിലെ കമീഷൻഡ്​ ഓഫിസർമാർ, എസ്.ഐ മുതൽ ഉയർന്ന റാങ്കിലുള്ളവർ, മൃതദേഹങ്ങൾ എന്നിങ്ങനെയാണ് സല്യൂട്ടിന് അർഹതയുള്ളത്​.

Tags:    
News Summary - The Thrissur mayor MK Varghese react to salute controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.